ജീവനക്കാർക്ക് ഇരുട്ടടിയായി പുതിയ സർക്കുലർ
വേറെ ജോലി തേടാൻ ഇനി എച്ച്എംടി എൻഒസി നൽകില്ല


സ്വന്തം ലേഖകൻ
Published on May 10, 2026, 01:54 AM | 1 min read
കളമശേരി
ബംഗളൂരുവിലെ എച്ച്എംടി ലിമിറ്റഡ് ഹെഡ് ഓഫീസ് ഇറക്കിയ പുതിയ സർക്കുലർപ്രകാരം, കമ്പനിക്കുപുറത്തുള്ള വ്യവസായ സ്ഥാപനങ്ങളിലേക്കോ സർക്കാർ മേഖലയിലുൾപ്പെടെയുള്ള സ്ഥാപങ്ങളിലേക്കോ ജീവനക്കാർക്ക് ജോലിക്ക് അപേക്ഷിക്കാൻ കഴിയില്ല. ഇതിനായി കമ്പനിയിൽനിന്ന് ലഭിക്കേണ്ട നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകേണ്ടതില്ലെന്നാണ് ഹെഡ് ഓഫീസ് ഉത്തരവിറക്കിയത്. ഇത് ജീവനക്കാർക്ക് കനത്ത ഇരുട്ടടിയായി.
കപ്പൽശാലപോലുള്ള പൊതുമേഖലാ വ്യവസായശാലകളിൽ, പൊതുമേഖലാ സ്ഥാപനത്തിൽനിന്നുള്ളവർക്ക് നിയമനം ലഭിക്കാൻ എൻഒസി നിർബന്ധമാണ്.
എച്ച്എംടി കമ്പനിയിൽ 30 വർഷംമുമ്പ് നിശ്ചയിച്ച ശമ്പളഘടനയാണ് നിലനിൽക്കുന്നത്. അതുതന്നെ മാസങ്ങളായി കുടിശ്ശികയുമാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിക്കാനുള്ള സാധ്യതയും അടയ്‌ക്കുകയാണ് മാനേജ്മെന്റെന്ന് ജീവനക്കാർ ആരോപിച്ചു.
കളമശേരി ഉൾപ്പെടെയുള്ള യൂണിറ്റുകളിൽനിന്ന് എൻഒസി വാങ്ങാതെതന്നെ അനധികൃത അവധിയെടുത്ത് നിരവധിപേർ വിദേശത്തും മറ്റും തൊഴിൽതേടി പോയിട്ടുണ്ട്. എന്നാൽ, ഇതിനോട് കണ്ണടച്ച്, നിയമാനുസൃതമായി മറ്റ് സ്ഥാപനങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് മാനേജ്മെന്റിന്റേത്.
കമ്പനിയിൽ 2024 ജൂണിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘എച്ച്എംടി പുനരുദ്ധാരണ പാക്കേജ്' രണ്ടുവർഷം പിന്നിടുമ്പോഴും നടപ്പാക്കാത്തത് ജീവനക്കാരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യരായ തൊഴിലാളികൾ പ്രായപരിധി കഴിയുംമുന്പേ മറ്റു ജോലികൾ തേടുന്നത് തടയുകയാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.










0 comments