ad
Deshabhimani

ക്ഷീരമേഖലയും ‘പൊള്ളുന്നു’, തളരുന്നു

heat

മോനു വർഗീസിന്റെ തൊഴുത്തിൽ പശുക്കൾക്കായി ഫാൻ വച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 25, 2026, 03:12 AM | 2 min read

കൊച്ചി


ജില്ലയിലെ ക്ഷീരകാർഷികമേഖലയും ഉയർന്ന ചൂടിൽ ‘പൊള്ളുന്നു’. ചൂട്‌ ക്രമാതീതമായി കൂടുന്നത്‌ പശുക്കളെയും ക്ഷീരകർഷകരേയും കടുത്ത പ്രതിസന്ധിയിലേക്ക്‌ നയിക്കുമെന്ന ആശങ്ക ഉയരുകയാണ്‌. കനത്ത ചൂട് ഇതിനകം പാൽ ഉൽപാദനത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചു.


monu


‘ചൂട്‌ കൂടിയതോടെ പാൽ ഉൽപാദനം കുറഞ്ഞു. പരിപാലനചെലവ്‌ കൂടി. ഫാനിന് പുറമേ തൊഴുത്തിന്റെ മേൽക്കൂരക്ക് മുകളിൽ ഗ്രീൻ നെറ്റ് സ്ഥാപിച്ചു. 30 ഡിഗ്രിക്ക് കൂടുതൽ ചൂടുവരുമ്പോൾ മേൽക്കൂരയിൽ ഓട്ടോമാറ്റിക്കായി സ്പ്രിങ്ക്‌ളർ നനയും ക്രമീകരിച്ചു. ചൂട്‌ ഇനിയും ഉയർന്നാൽ വല്ലാത്ത പ്രയാസമാകും. ആകെ 37 പശുക്കളാണുള്ളത്. 650 ലിറ്റർ പാൽ കിട്ടിക്കൊണ്ടിരുന്നു. വേനൽ കടുത്തതോടെ 150 ലിറ്ററോളം കുറവുണ്ടായി. സംസ്ഥാന കർഷക അവാർഡ്‌ ജേതാവ്‌ കൂടിയായ ഇലഞ്ഞിയിലെ മോനു വർഗീസിന്റെ വാക്കുകൾ.


‘ക്ഷീരസംഘങ്ങളും പാടുപെടുകയാണ്‌. പാൽ അളക്കുന്നത്‌ കുറഞ്ഞു. മുഴുവൻ ആവശ്യക്കാർക്കും പാൽ ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണ്‌. സംഘത്തിന്റെ നടത്തിപ്പ്‌ പ്രയാസത്തിലാവുന്നു–ആലങ്ങാട്‌ കൊടുവഴങ്ങ ക്ഷീരസംഘം പ്രസിഡന്റ്‌ ടി സി ജിനീഷ്‌ പറഞ്ഞു.


315 ക്ഷീരസംഘങ്ങളാണ്‌ ജില്ലയിൽ ആകെയുള്ളത്‌. ഇവിടെ പാൽ അളക്കുന്നത്‌ 7853 കർഷകരാണ്‌. 75000 കറവപ്പശുക്കൾ ജില്ലയിലുണ്ടെന്നാണ്‌ കണക്ക്‌. ചൂട്‌ ഇനിയും ഉയരുന്നതോടെ പശുക്കളുടെയും ക്ഷീരകർഷകരുടെയും പ്രയാസം വർധിക്കും. ഉയർന്ന ചൂടിൽ പശുക്കളിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ഇതേ തുടർന്ന്‌ പാൽ ഉൽപാദനം കുറയുകയുമാണ്‌. ഉൽപാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കുറയാനും ചൂട്‌ കാരണമാകുന്നു. കടുത്ത വേനൽ പശുക്കളുടെ പ്രത്യുൽപാദനത്തെയും ബാധിക്കുന്നു. മദിലക്ഷണങ്ങൾ കൃത്യമായി പ്രകടമാക്കാത്തത് കടുത്ത വേനലിൽ സാധാരണയാണ്.


പശുക്കൾക്കും വേണം
കരുതൽ


രാവിലെ 9മുതൽ വൈകിട്ട്‌ 5വരെ തുറസ്സായ സ്ഥലത്ത് കെട്ടരുത്‌

​തൊഴുത്തിൽ മുഴുവൻ സമയവും വായുസഞ്ചാരം ഉറപ്പാക്കുക

തണുത്ത ശുദ്ധമായ കുടിവെള്ളം മുഴുവൻ സമയവും ലഭ്യമാക്കണം

മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറിപ്പന്തൽ, സ്‌പ്രിങ്ക്‌ളർ, നനച്ച ചാക്കിടുന്നത് എന്നിവ തൊഴുത്തിലെ ചൂട്‌ കുറക്കും


ശരീരത്തിൽ നേരിട്ട് വെള്ളമൊഴിക്കുന്നതിന് പകരം സ്‌പ്രിംഗ്ലർ, മിസ്റ്റ്, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂറിൽ മൂന്നുമിനിറ്റ് വീതം തുള്ളിനന നൽകാം

തൊഴുത്തിൽ ഫാൻ മുഴുവൻ സമയവും പ്രർത്തിപ്പിക്കുക

ജലാംശം കൂടുതലുള്ള പച്ചപ്പുല്ല്, അസോള, ശീമക്കൊന്ന മുതലായ ഇലത്തീറ്റകൾ ലഭ്യമാക്കുക

​കാലിത്തീറ്റ അതിരാവിലെയും വൈകിട്ടുമായി നൽകുക

വൈക്കോൽ രാത്രി നൽകുക


ഒരുകിലോ തീറ്റയിൽ 10 ഗ്രാം സോഡിയം ബൈകാർബണേറ്റ് (അപ്പക്കാരം) ചേർത്തുനൽകാം

ധാതുലവണമിശ്രിതം, പ്രോബയോട്ടിക്സ്, ഇലക്ട്രോളൈറ്റ്സ് എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്താം

പശുക്കളെ വിൽക്കുന്ന, കൈമാറ്റം ചെയ്യുന്ന യാത്രകൾ രാവിലെയും വൈകിട്ടുമാക്കണം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home