അപൂർവരോഗത്തെ അതിജീവിച്ച് സാജിദ് ജീവിതത്തിലേക്ക്

ആലുവ
ഗില്ലൻബാരി സിൻഡ്രോം എന്ന അപൂർവ രോഗംബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ലക്ഷദ്വീപ് സ്വദേശി സാജിദ് മുറാദി, ആലുവ രാജഗിരി ആശുപത്രിയിലെ നാലുമാസത്തെ ചികിത്സയ്ക്ക് ഒടുവിൽ തിരികെ ജീവിതത്തിലേക്ക്. ശരീരത്തിന്റെ പ്രതിരോധസംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന രോഗാവസ്ഥയാണ് ഗില്ലിൻബാരി സിൻഡ്രോം.
പതിവുസമയം കഴിഞ്ഞിട്ടും ഉറക്കം ഉണരാതെ ക്ഷീണവും കാലുകളിലെ ബലഹീനതയും മരവിപ്പുംമൂലമാണ് 16കാരൻ സാജിദിനെ ലക്ഷദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജഗിരിയിലും എത്തിച്ചു. പീഡിയാട്രിക് ഐസിയുവിൽ ഡോ. സൗമ്യ മേരി തോമസ്, ഡോ. ദർശൻ ജയറാം ദാസ്, ഡോ. നിഖിത റഫീഖ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ശ്വസനപേശികളുടെ ബലക്കുറവ് മറികടക്കാൻ ട്രക്കിയോസ്റ്റമി ചെയ്തു. പീഡിയാട്രിക് ഐസിയുവിൽ 21 ദിവസത്തെ ചികിത്സയും അഞ്ചുതവണ പ്ലാസ്മഫെറെസിസും നടത്തി. ഫിസിയോതെറാപ്പിയിലൂടെ ചലനശേഷി വീണ്ടെടുത്തു. 90 ശതമാനം ചലനശേഷി നഷ്ടപ്പെട്ട സാജിദ് സംസാരിക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്ന നിലയിലെത്തി.
ഉടൻ വിദഗ്ധചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാവുന്ന രോഗമായിരുന്നിട്ടും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൂട്ടായപരിശ്രമമാണ് സാജിദിന് ജീവൻ തിരികെലഭിക്കാൻ കാരണമായത്. നാലുമാസത്തെ ചികിത്സയ്ക്കുശേഷം രോഗം പൂർണമായും ഭേദമായതോടെ സാജിദ്, ഉമ്മ ലൈലയ്‌ക്കും ബാപ്പ ശിഹാബുദ്ദീനുമൊപ്പം നാട്ടിലേക്ക് മടങ്ങി.










0 comments