പുതിയ ഐപി ബ്ലോക്ക് സർക്കാർ പരിഗണനയിലെന്ന് മന്ത്രി വീണാ ജോർജ്
എറണാകുളം ജനറൽ ആശുപത്രിയിൽ 5 പദ്ധതികൾക്ക് തുടക്കം

എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ ഐപി ബ്ലോക്ക് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉടൻ അനുകൂല തീരുമാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
ആശുപത്രിയുടെ ദീർഘകാല ആവശ്യമായ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഒരുമാസത്തിനകം പ്രവർത്തനം ആരംഭിക്കും. ഫോറൻസിക് സർജനും ഉടൻ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എറണാകുളംപോലെയുള്ള മെട്രോനഗരത്തിലെ സർക്കാർ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം അത്യാവശ്യമാണ്. നിയമനം നടക്കുന്നതോടെ രാത്രിയിലും പോസ്‌റ്റ്‌മോർട്ടം നടത്താനാകും. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് എറണാകുളം ജനറൽ ആശുപത്രിയെ ഇന്ത്യയിലെതന്നെ മികച്ച ആശുപത്രിയാക്കി മാറ്റിയതെന്നും മന്ത്രി പറഞ്ഞു. ആധുനികവൽക്കരിച്ച മോര്‍ച്ചറിസമുച്ചയം, നവീകരിച്ച കാത്ത്‌ലാബ്, സ്‌ട്രോക് ഐസിയു, ക്വിയർ ഫ്രണ്ട്‌ലി ക്ലിനിക്, ശ്രുതിതരംഗം പദ്ധതി എന്നിവയാണ് ആരോഗ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
എംഎല്‍എ ഫണ്ടിൽനിന്ന് ലഭിച്ച 70 ലക്ഷം ഉപയോഗിച്ചാണ് മോർച്ചറിസമുച്ചയം നവീകരിച്ചത്. ക്വിയർ ഫ്രണ്ട്‌ലി ക്ലിനിക്കിനായി ആശുപത്രി വികസനഫണ്ടിലെ 13 ലക്ഷം പ്രയോജനപ്പെടുത്തി. പ്ലാന്‍ ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം സ്ട്രോക് ഐസിയുവിനും ആശുപത്രി വികസന ഫണ്ടിൽനിന്ന് 1.5 കോടി ഉപയോഗിച്ച് കാത്ത്‌ലാബും നവീകരിച്ചു. കേൾവിക്കുറവുള്ളവർക്ക് കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പടെയുള്ള ആധുനിക ചികിത്സ നൽകുന്ന പദ്ധതിയാണ് ശ്രുതിതരംഗം.
ചടങ്ങില്‍ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഒരു വർഷം നീണ്ടുനിൽക്കുന്ന അവയവദാന ക്യാന്പയിൻ നടൻ വിനയ് ഫോർട്ട് ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹിർഷാ, ഡിഎംഒ ആശാദേവി, ആശുപത്രി വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.









0 comments