ജിസിഡിഎ പദ്ധതി: പറവൂരിൽ പൊതുസമ്മേളന ഇടം ഒരുങ്ങും

പറവൂർ
പറവൂർ നഗരസഭയിൽ ഒരുകോടി രൂപ ചെലവില്‍ പൊതു ഇടം ഒരുക്കാൻ ജിസിഡിഎ ഒരുങ്ങുന്നു. പൊതുസമ്മേളന ഇടങ്ങൾ, തുറസ്സായ സ്ഥലങ്ങളുടെ നിർമാണം എന്നിവയ്ക്ക് ജിസിഡിഎ ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് പറവൂരിലെ സാമൂഹ്യ–------സാംസ്കാരിക–--രാഷ്ട്രീയ പാർടികളുടെ പരിപാടികൾക്കായി വേദി ഒരുങ്ങുന്നത്. ഇതിനായി ഫണ്ട് വകയിരുത്തിയതായി ജില്ലാപഞ്ചായത്ത് അംഗവും ജിസിഡിഎ എക്സിക്യൂട്ടീവ് അംഗവുമായ എ എസ് അനിൽകുമാർ പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്കുവശത്തെ സ്ഥലമാണ് പ്രഥമ പരിഗണനയിൽ. അനുയോജ്യമായ മറ്റ് സ്ഥലങ്ങളും പരിഗണനയിലുണ്ട്. ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം എ എസ് അനിൽകുമാർ, ഡെപ്യൂട്ടി ടൗൺ പ്ലാനർ ബെഷി കുര്യാക്കോസ്, ഓവർസിയർ കെ എസ് ഷൈജു എന്നിവർ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് വടക്കുഭാഗത്തെ സ്ഥലം സന്ദർശിച്ച് സാധ്യത പരിശോധിച്ചു. റിപ്പോർട്ട് ഉടൻ ജിസിഡിഎക്ക് സമർപ്പിക്കും.
പഴയ ടിബി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചിട്ട് നാളേറെയായെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നഗരത്തിൽ പഴയ മുനിസിപ്പൽ പാർക്കാണ് പൊതുസമ്മേളനംപോലുള്ള ആവശ്യങ്ങൾക്ക് കൂടുതലായും ഉപയോഗിക്കുന്നത്.
ആളുകൾക്ക് ഒത്തുചേരാനുള്ള സൗകര്യപ്രദമായ സ്ഥലങ്ങൾ വേറെയില്ലാത്തത് സംഘടനകൾക്കും രാഷ്ട്രീയ പാർടികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ജിസിഡിഎ പദ്ധതി പൂർത്തിയായാൽ പറവൂരിന്റെ രാഷ്ട്രീയ–-സാംസ്കാരിക ചർച്ചകൾ നടത്താന്‍പറ്റിയ ഇടമായി അത് മാറുമെന്ന് ഉറപ്പാണ്. പദ്ധതിയുടെ മേൽനോട്ടം ജിസിഡിഎക്കാണ്. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം ജെ രാജു, സജി നമ്പ്യത്ത്, അനു വട്ടത്തറ, ഗീത ബാബു, നഗരസഭാ എൻജിനിയർ പി വി മിനിമോൾ എന്നിവരും ജിസിഡിഎ പ്രതിനിധികൾക്കൊപ്പമുണ്ടായി.









0 comments