നാടാകെ ഉയരും പൊതു ഇടങ്ങൾ ; 9 നഗരസഭകൾക്ക് ജിസിഡിഎയുടെ ഒരുകോടിവീതം

കളമശേരി
ജിസിഡിഎ പരിധിയിൽ വരുന്ന ഒമ്പതു നഗരസഭകളിൽ തുറന്ന ഇടങ്ങൾ ഒരുക്കാനായി ഒരുകോടി രൂപവീതം നൽകുന്ന പദ്ധതിയുടെ ഒരുക്കങ്ങൾ ചർച്ചചെയ്ത് ചെയർമാൻസ് കോൺക്ലേവ്. കുസാറ്റ് സെമിനാർ ഹാളിൽ നടന്ന കോൺക്ലേവിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.
ആലുവ, അങ്കമാലി, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, മരട്, ഏലൂർ, പറവൂർ, പെരുമ്പാവൂർ നഗരസഭകൾക്കാണ് ആദ്യഘട്ടമായി തുക അനുവദിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് വന്നിരിക്കാനും സമയം ചെലവിടാനും പൊതുസമ്മേളനങ്ങൾ നടത്താനും ഇടങ്ങളും പാർക്കുകളും ഒരുക്കുകയാണ് ലക്ഷ്യം. കൊച്ചി നഗരം വികസിക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ നഗരസാന്ദ്രതയും വർധിക്കും. ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളോടെയുള്ള പൊതു ഇടങ്ങളുടെ ആവശ്യകത നിർണായകമാകും. ഈ സാഹചര്യത്തിലാണ് നഗരസഭകൾക്ക് തുക അനുവദിക്കാൻ ജിസിഡിഎ തീരുമാനിച്ചത്.
നഗരസഭകൾക്ക് ബജറ്റ് വിഹിതം നൽകുന്നത് ജിസിഡിഎയുടെ ചരിത്രത്തിൽ ആദ്യമാണ്.
ഓരോ നഗരസഭയും പൊതു ഇട നിർമാണം സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി അംഗം ജമാൽ മണക്കാടൻ, ജിസിഡിഎ നിർവാഹകസമിതി അംഗം എ ബി സാബു, സെക്രട്ടറി ഇന്ദു വിജയനാഥ്, എം എം ഷീബ, ഷൈബി ജോർജ് എന്നിവർ സംസാരിച്ചു.









0 comments