വലഞ്ഞ് ഫുട്‌ബോൾ ആരാധകർ
ആവേശം കട്ടാക്കി കെഎസ്‌ഇബിയുടെ പവർകട്ട്

ലോകകപ്പ് ഫുട്ബോൾ കാണുന്നതിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് പോർച്ചുഗൽ ആരാധകർ കെഎസ്ഇബി കാഞ്ഞൂർ പുതിയേടം ഓഫീസിലെത്തി കളി കണ്ടപ്പോൾ
കൊച്ചി
ലോകമെങ്ങും ഫുട്‌ബോൾ പൂരം പൊടിപൊടിക്കുകയാണ്. ഇഷ്ടപ്പെട്ട ടീമുകൾക്കും താരങ്ങൾക്കുമായി ദേശാന്തരങ്ങൾ കടന്നും ആരാധകർ ആർപ്പുവിളിക്കുന്നു. കേരളത്തിലാകട്ടെ ആരാധകർ വിളിക്കുന്നത് കെഎസ്‌ഇബി ഓഫീസുകളിലേക്കാണ്. സംസ്ഥാനത്ത് ആരംഭിച്ച അപ്രഖ്യാപിത പവർകട്ടിൽ വലയുകയാണ് ഫുട്‌ബോൾ ആരാധകരും.
ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് ക്ലബ്ബുകളിലും കളിയിടങ്ങളിലും വലിയ സ്‌ക്രീനുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രായഭേദമന്യേ കാൽപ്പന്തുകളിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗമാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്. ഇതിനിടയിൽ വൈദ്യുതി നിയന്ത്രണംകൂടി വന്നതോടെ ആരാധകർ നിരാശയിലാണ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനാൽ മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കാനുമാകുന്നില്ല. അമിത സാന്പത്തിക ബാധ്യതയും വെല്ലുവിളിയാണ്. ബുധനാഴ്ചത്തെ പോർച്ചുഗൽ–കോംഗോ മത്സരത്തിനിടെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വരുംദിവസങ്ങളിലും മുൻനിര ടീമുകളുടെ മത്സരം ‘പവർകട്ടിൽ കട്ടാകുമോ’യെന്ന ആശങ്കയിലാണ് ആരാധകർ.
കെഎസ്‌ഇബി ഓഫീസിലിരുന്ന് കളികണ്ട് ആരാധകർ
കാലടി
ലോകകപ്പ് ഫുട്ബോൾ കാണുന്നതിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് പോർച്ചുഗൽ ആരാധകർ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചു. കാഞ്ഞൂർ പുതിയേടം ഓഫീസിലാണ് സംഭവം. ബുധൻ രാത്രി 11.30ന് പോർച്ചുഗൽ –കോംഗൊ മത്സരത്തിനിടെയാണ് വൈദ്യുതി മുടങ്ങിയത്. യുവാക്കൾ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തി പന്തുകളി കണ്ടാണ് പ്രതിഷേധിച്ചത്. വൈദ്യുതി മുടക്കിയാൽ വീണ്ടും സമാന പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുവാക്കൾ പറഞ്ഞു.











0 comments