ക്രിസ്‌മസ് ആഘോഷത്തിൽ നാട്

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാക്കനാട് ടിവി സെന്റർ കുറുപ്പുംഭാഗത്ത് ബെന്നിയും കുടുംബവും ഒരുക്കിയ 16 അടി നീളവും 12 അടി ഉയരവുമുള്ള പുൽക്കൂട്. ആറ് ദിവസംകൊണ്ടാണ് ബെന്നിയും ഭാര്യ ജോസ് മേരിയും ചേർന്ന് പുൽക്കൂട് ഒരുക്കിയത്
കൊച്ചി
തിരുപ്പിറവിയുടെ സ്‌മരണയിൽ നാടും നഗരവും ക്രിസ്‌മസ് ആഘോഷനിറവിൽ. ശാന്തിയുടെയും ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്‌മസിനെ വരവേൽക്കുന്ന കാഴ്‌ചയാണ് എവിടെയും. വീടുകളിൽ ക്രിസ്‌മസ് ട്രീയും പുല്‍ക്കൂടും ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ആഘോഷത്തിൽ ജനം പങ്കുചേർന്നു.
പള്ളികളിൽ പാതിരാ കുര്‍ബാനയും തിരുപ്പിറവി ശുശ്രൂഷകളും നടന്നു. ക്രിസ്മസ് ദിനം വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുകയും കേക്ക് മുറിക്കുകയും ക്രിസ്മസ് വിഭവങ്ങള്‍ പങ്കുവച്ച് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. ദീപാലങ്കാരങ്ങളിൽ മുങ്ങിക്കുളിച്ചാണ് പള്ളികൾ ക്രിസ്‌മസിനെ വരവേറ്റത്.
സിറോമലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയില്‍ യാക്കോബായ സുറിയാനി സഭ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാര്‍മികനായി.
വരാപ്പുഴ അതിരൂപത ആസ്ഥാനമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ക്രിസ്മസ് കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപോലീത്ത മുഖ്യകാര്‍മികനായി. തേവര സെന്റ് ജോസഫ് പള്ളിയില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മികനായി.










0 comments