ഒഴിഞ്ഞപറമ്പിൽനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി

വടക്കേക്കര
അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്‌റ്റാൻഡിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. മൂന്നുമാസത്തോളം പഴക്കമുള്ളതെന്നാണ് പൊലീസ് നിഗമനം. ഈ പ്രദേശത്തുനിന്ന് കാണാതായ അണ്ടിപ്പിള്ളിക്കാവ് പണിക്കവീട്ടിൽ ശശിയെ (57) കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ചെളിപുരണ്ട് ദ്രവിച്ചനിലയിൽ ഷർട്ടിന്റെയും മുണ്ടിന്റെയും ഭാഗങ്ങളും കുരുക്കിട്ടനിലയിൽ ഒരു കയറും സമീപത്തുണ്ടായിരുന്നു. വ്യക്‌തിയുടെ പറമ്പിൽ വെള്ളി രാവിലെ 10 ഓടെ തേങ്ങപെറുക്കാൻ എത്തിയ ആളാണ് അസ്‌ഥികൾ കണ്ടത്. കുറച്ചുകാലംമുന്പ് ഈ ഭാഗത്തുനിന്ന് ദുർഗന്ധം വമിച്ചിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ, പറമ്പ് കാടുപിടിച്ചുകിടന്നതിനാൽ ആരും പോയി നോക്കിയിരുന്നില്ല.
മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ വടക്കേക്കര പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും എത്തി. അസ്‌ഥികൾ കണ്ട സ്‌ഥലത്തിന് 300 മീറ്റർ അകലെയാണ് ശശിയുടെ വീട്. തിരുവോണദിവസമാണ് ശശിയെ കാണാതായത്. വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശശിയുടെ സൈക്കിൾ ഇപ്പോൾ അസ്‌ഥികൾ കണ്ടെത്തിയ പറമ്പിനുസമീപത്തുനിന്ന് അന്നുതന്നെ കണ്ടെത്തിയിരുന്നു. ഇവിടെ ഒരു ബസ് സ്‌റ്റോപ് ഉള്ളതിനാൽ ശശി സൈക്കിൾ വച്ചിട്ട് ബസിൽ കയറിപ്പോയതാകാം എന്ന നിഗമനത്തിലായിരുന്നു വീട്ടുകാർ. എന്നാൽ, അസ്‌ഥിക്കൊപ്പം കിട്ടിയ കുരുക്കിട്ട കയറിന്റെ ബാക്കിഭാഗം ശശിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയെന്ന് മുനമ്പം ഡിവൈഎസ്‌പി പറഞ്ഞു. മരിച്ചത് ശശിയാണെന്ന പ്രാഥമികനിഗമനത്തിൽ എത്താൻ കാരണം ഇതാണ്. എങ്കിലും ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഉറപ്പിക്കാനാകൂ.
അസ്‌ഥികളിൽനിന്ന് സാംപിൾ എടുത്ത് ഡിഎൻഎ ടെസ്‌റ്റ് നടത്തുമെന്നും എന്നിട്ടും തെളിഞ്ഞില്ലെങ്കിൽ തലയോട്ടി ഉപയോഗിച്ച് മരിച്ചയാളുടെ ചിത്രം തയ്യാറാക്കുന്ന ‘സൂപ്പർ ഇംപോസിഷൻ' ചെയ്യുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.









0 comments