1.17 കോടിക്ക് ഫാൻസി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയയാൾ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടു; അന്വേഷണം

ചണ്ഡീഗഡ്: രാജ്യത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് HR88B8888 എന്ന നമ്പർ പ്ലേറ്റ് ലേലം വിളിച്ചയാൾക്കെതിരെ സ്വത്തിൻ്റെയും വരുമാനത്തിൻ്റെയും ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താൻ ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു. 1.17 കോടി രൂപയുടെ റെക്കോർഡ് തുക ലേലം ഉറപ്പിച്ച വ്യക്തി നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ സുധീർ കുമാർ എന്നയാളാണ് HR88B8888 എന്ന ഫാൻസി നമ്പറിനായി ഓൺലൈൻ ലേലത്തിൽ 1.17 കോടി രൂപയുടെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത്. ഇന്ത്യയിൽ ഒരു വാഹന രജിസ്ട്രേഷൻ നമ്പറിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ലേലം വിജയിച്ച ശേഷം, ഡിസംബർ 2, 2025 എന്ന അവസാന തീയതിക്കുള്ളിൽ സുധീർ കുമാർ തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ, ഇദ്ദേഹം ലേലത്തിൽ പങ്കെടുക്കുന്നതിനായി കെട്ടിവെച്ച 10,000 രൂപയുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടി.
നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുക വിളിച്ചു പറഞ്ഞ വ്യക്തിക്ക് യഥാർത്ഥത്തിൽ 1.17 കോടി രൂപ നൽകാനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകളും സ്വത്തുക്കളും അന്വേഷിക്കാൻ മന്ത്രി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
നിലവിലെ ലേല നടപടികൾ റദ്ദാക്കിയതോടെ, HR88B8888 എന്ന നമ്പർ വീണ്ടും ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ വിഐപി നമ്പറിൻ്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. 'B' എന്ന അക്ഷരം '8' എന്ന അക്കവുമായി സാമ്യമുള്ളതിനാൽ ഒറ്റനോട്ടത്തിൽ തുടർച്ചയായ എട്ടുകളുടെ നിരയായി തോന്നുന്നു എന്ന പ്രത്യേകതയാണ് ഈ നമ്പറിനായി ലേലത്തിൽ ശക്തമായ മത്സരം ഉണ്ടാകാൻ കാരണമായത്.








0 comments