സംസ്ഥാന കായകൽപ്പ അവാർഡ് തിളക്കത്തിൽ ആയുർവേദ, ഹോമിയോ ജില്ലാ ആശുപത്രികൾ

സംസ്ഥാന സർക്കാരിന്റെ ആയുഷ് കായകൽപ്പ അവാർഡിൽ ഒന്നാംസ്ഥാനം ലഭിച്ച എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രി
കൊച്ചി
സംസ്ഥാനത്തെ മികച്ച ആയുർവേദ ആശുപത്രികൾക്കും ഹോമിയോ ആശുപത്രികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ എറണാകുളത്തിന് ഇരട്ട തിളക്കം. ആയുർവേദ വിഭാഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ഒന്നാംസ്ഥാനം നേടിയപ്പോൾ, ഹോമിയോപ്പതി വിഭാഗത്തിൽ ജില്ലാ ഹോമിയോ ആശുപത്രി രണ്ടാംസ്ഥാനവും സ്വന്തമാക്കി.
എറണാകുളം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മികവിന്റെ കേന്ദ്രമാണ് കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രി. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം രോഗികൾക്കാവശ്യമായ മരുന്നും അനുബന്ധ സംവിധാനങ്ങളും ഒരുക്കി മികച്ച സേവനം നൽകുന്ന ഇവിടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി നൂറുകണക്കിനാളുകളാണ് ദിവസേന ചികിത്സയ്‌ക്കായി എത്തുന്നത്. മാതൃവന്ദനം, ആയുർവേദ പാലിയേറ്റീവ് ഹോം കെയർ, ആരോഗ്യലക്ഷ്മി, വയോരക്ഷ എന്നീ പദ്ധതികളും തുടരുന്നു. ദിനംപ്രതി എണ്ണൂറിൽപ്പരം രോഗികൾ ഇവിടെ ചികിത്സ തേടി എത്തുന്നു.
ജനറൽ മെഡിസിൻ വിഭാഗം, മർമവിഭാഗം, നേത്രവിഭാഗം, ദൃഷ്ടി പദ്ധതി, പഞ്ചകർമ വിഭാഗം, ബാലചികിത്സാ വിഭാഗം, സ്പോർട്സ് ആയുർവേദം, ജീവനി പദ്ധതി, സിദ്ധവിഭാഗം, യോഗ ആൻഡ് നാച്യുറോപ്പതി വിഭാഗങ്ങളുടെ സേവനവും നൽകുന്നു. ജനറൽ വാർഡ്, പേ വാർഡ് തുടങ്ങിയ സൗകര്യങ്ങളിൽ ഐപി വിഭാഗത്തിൽ 66 ബെഡ് സൗകര്യവും ഈ ആശുപത്രിയിലെ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നു.
രോഗീ സൗഹൃദകേന്ദ്രം - ജില്ലാ ഹോമിയോ ആശുപത്രി
പ്രതിദിനം അഞ്ഞൂറിലധികംപേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ 20 ഡോക്ടർമാരും 35 നടുത്ത് മറ്റ് ജീവനക്കാരും സേവനം ചെയ്യുന്നു. ജനറൽ ഒപിക്ക് പുറമേ വന്ധ്യത ചികിത്സയ്ക്കുമാത്രമുള്ള ജനനി, ജീവിതശൈലി നിവാരണ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാൻ ഭവ, സദ്ഗമയ, പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, അലർജി, ആസ്ത്മ ഒപി തുടങ്ങിയ പ്രത്യേക സേവനങ്ങളും ലഭ്യമാണ്. 1972ൽ തമ്മനം -പുല്ലേപ്പടി റോഡിൽ ആരംഭിച്ച ഹോമിയോ ആശുപത്രി മികച്ച രോഗീസൗഹൃദ കേന്ദ്രമാണ്. അവാർഡ് നേട്ടത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിലും ജില്ലാ ഹോമിയോ ആശുപത്രിയിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്‌തു.









0 comments