കേരളം വ്യവസായികൾക്ക് അനുയോജ്യമായ നാടായി: മന്ത്രി പി രാജീവ്
അവിഗ്ന ലോജിസ്‌റ്റിക്‌സ് പാർക്ക് പ്രവർത്തനം തുടങ്ങി

കൊച്ചി
ലോജിസ്റ്റിക്‌സ് ഹബ്ബാകാനുള്ള കേരളത്തിന് കുതിപ്പിന് ഉൗർജം പകർന്ന് അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക്. 150 കോടി രൂപ മുതൽമുടക്കിൽ അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമിച്ച പാർക്ക് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനം ചെയ്യുന്പോഴേക്കും പാർക്കിലെ മുഴുവൻ സ്ഥലവും അലോട്ട് ചെയ്‌തത് സന്തോഷകരമാണെന്നും വലിയ കന്പനികളാണ് എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ അവിഗ്ന ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭമാണിത്. 21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ ഇതിനോടകം പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിവഴി 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചു. ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള അവിഗ്ന ഗ്രൂപ്പിന് തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകളുണ്ട്.
ഉദ്‌ഘാടന ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എസ് രാജശേഖരൻ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, റോജി എം ജോൺ എംഎൽഎ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ടോണി, അവിഗ്ന ഡയറക്ടർമാരായ ആർ നവീൻ മണിമാരൻ, ബിനയ് ജാ, സിഒഒ സുബോധ് മിശ്ര എന്നിവർ സംസാരിച്ചു.
കേരളം വ്യവസായികൾക്ക് അനുയോജ്യമായ നാടായി : മന്ത്രി പി രാജീവ്
ച്ച
പൂർണമായും വ്യവസായികൾക്ക് അനുയോജ്യമായ നാടായി കേരളം മാറിയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമിച്ച അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആലുവ ചുണങ്ങംവേലിയിൽ വ്യാഴാഴ്‌ച എൻഡിആർ ഗ്രൂപ്പിന്റെ ലോജിസ്‌റ്റിക് പാർക്കിന് കല്ലിടും. 120 കോടി രൂപയുടെ നിക്ഷേപമാണിത്. 17.5 ഏക്കറിൽ ഉയരുന്ന പാർക്കിൽ പ്രത്യക്ഷമായി 800 പേർക്കും 300 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പെരുന്പാവൂരിൽ റയോൺസിന്റെ 30 ഏക്കറിൽ കെയ്‌ൻസ് ടെക്‌നോളജിയുടെ ഫ്ലക്‌സിബിൾ പിസിബി മാനുഫാക്‌ചറിങ് യൂണിറ്റിന് ഒരുമാസത്തിനകം കല്ലിടും. 500 കോടിമുതൽ 600 കോടിവരെയുള്ള നിക്ഷേപമാണിത്. ബുധനാഴ്‌ച ലോകത്തിലെ ഏറ്റവും വലിയ ലോജിസ്‌റ്റിക് പാർക്ക് കന്പനിയായ പനാറ്റോണിയുമായി ചർച്ച നടക്കും. ബിനാനി സിങ്കിന്റെ 100 ഏക്കറിൽ നിക്ഷേപം നടത്തുന്നതിനുള്ള അവസാനവട്ട ചർച്ചയാണത്.
വ്യവസായ സൗഹൃദമാക്കുന്നതിന്റ ഭാഗമായി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഇതുപ്രകാരം വീടിന്റെ 50 ശതമാനം സംരംഭം നടത്താം. ഒഴിഞ്ഞുകിടക്കുന്ന വീടാണെങ്കിൽ വൈറ്റ്, ഗ്രീൻ സംരംഭങ്ങൾക്ക് 100 ശതമാനവും വ്യവസായ ലൈസൻസ് കൊടുക്കാം. വലിയ വ്യവസായങ്ങൾ വരുന്പോൾ ചുറ്റുവട്ടമുള്ള സ്ഥലങ്ങളിലെ വീടുകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. എല്ലാവീട്ടിലേക്കും തൊഴിൽ എത്തിക്കാനും സാധിക്കും. ലോജിസ്‌റ്റിക് വരുന്പോൾ കുടുംബശ്രീക്ക് ഉൾപ്പെടെ സ്‌ത്രീകളുടെ നൈപുണ്യശേഷി വികസിപ്പിക്കാം. ലോജിസിറ്റിക് പാർക്കിന് ആവശ്യമായ നൈപുണ്യശേഷി നേടുന്നതിനുള്ള പിന്തുണ സർക്കാർ നൽകും. അതിലൂടെ ഇവിടെ തൊഴിൽ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.









0 comments