അങ്കമാലിയിലെ ഗതാഗതക്കുരുക്ക്
വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് കേന്ദ്രം തുടങ്ങി

ഓണത്തിരക്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ ഒരുക്കിയ സൗജന്യ പാർക്കിങ് കേന്ദ്രം നഗരസഭാ ചെയർമാൻ ഷിയോ പോൾ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും പൊലീസും ചേർന്ന് ഓണക്കാലത്ത് അങ്കമാലി പട്ടണത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുവേണ്ടി പാർക്കിങ് സംവിധാനം ഏർപ്പെടുത്തി
. നിലവിലുള്ള എല്ലാ പേ പാർക്കിങ് കേന്ദ്രങ്ങളും അസോസിയേഷൻ ഏറ്റെടുക്കുകയും ആലുവ റോഡിൽ സ്വന്തമായി പാർക്കിങ് കേന്ദ്രം കണ്ടെത്തി എല്ലാ വാഹനങ്ങൾക്കും ഒരുമാസത്തോളം സൗജന്യമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. നഗരസഭ ടിബി ജങ്ഷനിലും അങ്ങാടിക്കടവ് ജങ്ഷനിലും താൽക്കാലിക ഡിവൈഡറുകൾ (കോൺ) സ്ഥാപിച്ചു. അഡീഷണൽ ട്രാഫിക് പൊലീസിനെയും വാർഡൻമാരെയും നിയോഗിക്കും. അഡീഷണൽ വാർഡൻമാർക്ക് അസോസിയേഷൻ വേതനം നൽകാനും തീരുമാനിച്ചു.
സൗജന്യ കാർ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷനായി. അങ്കമാലി എസ്എച്ച്ഒ എ രമേശ് പുതിയ സംവിധാനം വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എൻ വി പോളച്ചൻ, ബിജു പൂപ്പത്ത്, ഡെന്നി പോൾ, ബിനു തരിയൻ, ജോബി ജോസ്, ഡാന്റി ജോസ് കാച്ചപ്പിള്ളി, മീര അവരാച്ചൻ എന്നിവർ സംസാരിച്ചു.









0 comments