ആലുവ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ മോഷണം

ആലുവ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ കെട്ടിടത്തിന്റെ വാതിലും ജനലും പൊളിച്ചെടുത്തനിലയിൽ
ആലുവ
ആലുവ അദ്വൈതാശ്രമത്തിന് സമീപം നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ മോഷണം നടന്നതായി പരാതി. സാമൂഹ്യവിരുദ്ധര്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്ന് ആരോപിച്ച് നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
പ്ലാന്റിലെ കെട്ടിടത്തിന്റെ രണ്ടുമീറ്റര്‍ ഉയരമുള്ള മരംകൊണ്ടുള്ള വാതില്‍, രണ്ട് ഗ്രാനൈറ്റ് ശിലാഫലകങ്ങള്‍, രണ്ട് ജനല്‍പ്പാളികള്‍ എന്നിവ നഷ്ടപ്പെട്ടു. നഗരസഭ സ്ഥാപിച്ച ഗേറ്റ് അതേപടി പൊളിച്ചെടുത്തു. കെട്ടിടത്തിലുണ്ടായിരുന്ന കട്ടിലും കിടക്കയും പുഴയില്‍ കണ്ടെത്തി. ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തോടനുബന്ധിച്ച് അദ്വൈതാശ്രമം വളപ്പില്‍ സ്ഥാപിച്ച കൊടിയും ഫ്ലക്‌സും നഗരസഭാ ജീവനക്കാര്‍ കഴിഞ്ഞദിവസം അനധികൃതമായി നീക്കിയ സംഭവത്തിൽ തര്‍ക്കംനിലനിന്നിരുന്നു. നഗരസഭാ നടപടിക്കെതിരെ എസ്എൻഡിപിയും അദ്വൈതാശ്രമവും മാര്‍ച്ച് നടത്തി. പിന്നീട് സാമൂഹ്യവിരുദ്ധരുടെ ശല്യംഒഴിവാക്കാൻ എന്ന പേരിൽ മലിനജലശുദ്ധീകരണ പ്ലാന്റിലേക്കുള്ള വഴി ആശ്രമം അധികൃതര്‍ ഗേറ്റ് സ്ഥാപിച്ച് അടച്ചു. ഇതിനെതിരെ നിയമനടപടിയിലേക്ക് കടക്കാന്‍ നഗരസഭ തീരുമാനിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പ്ലാന്റിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും പ്ലാന്റിലേക്കുള്ള വഴി സംബന്ധിച്ചും നഗരസഭയും അദ്വൈതാശ്രമവും തമ്മിൽ തർക്കത്തിലാണ്. വഴി അദ്വൈതാശ്രമത്തിന്റെ അനുമതി തേടാതെ നഗരസഭ നേരത്തേ കോൺക്രീറ്റ് കട്ട വിരിച്ച് ആർച്ച് സ്ഥാപിച്ചു. അദ്വൈതാശ്രമത്തിനെതിരെ നഗരസഭ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതായി ആക്ഷേപമുണ്ട്.









0 comments