കർശന നടപടി വേണം: സിപിഐ എം
അദ്വൈതാശ്രമം വളപ്പിൽ ആലുവ നഗരസഭയുടെ അതിക്രമം

ആലുവ
ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് ആലുവ അദ്വൈതാശ്രമം വളപ്പിൽ ആലുവ എസ്എൻഡിപി യൂണിയൻ സ്ഥാപിച്ചിരുന്ന ബോർഡും പീതപതാകകളും നശിപ്പിച്ച നഗരസഭാ ജീവനക്കാരുടെ നടപടിയിൽ അദ്വൈതാശ്രമം പ്രതിഷേധിച്ചു. ഒരുമാസം നീളുന്ന ആഘോഷങ്ങളുടെ സമാപനം 14ന് നടക്കാനിരിക്കെ ബുധൻ ഉച്ചയോടെയാണ് അതിക്രമം.
പൊതുസ്ഥലത്ത് കൊടിതോരണങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ മറവിലാണ് പതാകകളും ബോർഡും നശിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ പ്രകോപനപരമായി കൊടിയും ബോർഡും വലിച്ചെറിഞ്ഞ് നശിപ്പിച്ചത് ഗുരുവിനോടും ശ്രീനാരായണ പ്രസ്ഥാനത്തോടുമുള്ള നിന്ദ്യമായ വെല്ലുവിളിയാണെന്ന് അദ്വൈതാശ്രമം ഭാരവാഹികൾ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലെത്തിയ കണ്ടിൻജൻസി വിഭാഗമാണ് ഗുരുദേവ സൂക്തങ്ങൾ ആലേഖനം ചെയ്ത കൊടികൾ പിഴുതെടുത്ത് എറിയുകയും ജയന്തി ആഘോഷ പ്രചാരണ ബോർഡുകൾ വലിച്ചെറിയുകയും ചെയ്തതത്. ആശ്രമത്തിലെ സുരക്ഷാ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും കാര്യമാക്കിയില്ല. ആശ്രമത്തിന്റെ മുഖ്യപ്രവേശന കവാടത്തിലെ ഇരുന്പുഗ്രില്ലുകളിലാണ് പ്രചാരണബോർഡ് സ്ഥാപിച്ചിരുന്നത്. എതിർവശം ആശ്രമം പാർക്കിങ് ഏരിയയുടെ മതിലിന് മുകളിലാണ് പീതപതാകകൾ കെട്ടിയിരുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിവഗിരി വിദ്യാനികേതൻ സ്കൂളിന്റെ ബോർഡും നശിപ്പിച്ചു.
പിഴുതെറിഞ്ഞ കൊടികൾ പിന്നീട് നഗരസഭയുടെ മാലിന്യജലസംസ്കരണ പ്ലാന്റിനോടുചേർന്ന മാലിന്യം നിറഞ്ഞ ഗോഡൗണിൽ തള്ളി. കൊടികളും ബോർഡും നഗരസഭാ ജീവനക്കാരൻ പിഴുതെറിയുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ആവശ്യപ്പെട്ടു.
കർശന നടപടി വേണം: സിപിഐ എം
ആലുവ
ആലുവ അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ച ബോർഡും കൊടികളും നഗരസഭ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീക്കംചെയ്ത സംഭവത്തിൽ സിപിഐ എം ആലുവ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭാ ജീവനക്കാർ നടത്തിയ അതിക്രമം അംഗീകരിക്കാൻ കഴിയില്ല.
പൊതുസ്ഥലത്ത് പരസ്യങ്ങളും പ്രചാരണങ്ങളും നിരോധിച്ചതിന്റെ മറവിൽ അദ്വൈതാശ്രമത്തിൽ അതിക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ആവശ്യപ്പെട്ടു.









0 comments