ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന

ആലുവ
കോൺഗ്രസ് ഭരിക്കുന്ന ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തിയ ഇടപാടുകളിലും ആലുവ മണപ്പുറത്തെ ടെൻഡർ നടപടികളിലുമുള്ള പരാതികളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. നഗരസഭയിലെ ജലധാര നിർമാണം, ശതാബ്ദി ആഘോഷം എന്നിവയിലെ അഴിമതിയും വിജിലൻസ് അന്വേഷണത്തിലാണ്.
വ്യാഴം പകൽ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 4.30നാണ് തീർന്നത്. ചില രേഖകള്‍ പിടിച്ചെടുക്കുകയും ശേഷിക്കുന്നവ ഈ മാസം 28നകം ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. അങ്കമാലി നഗരസഭ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ എറണാകുളത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.
2025ലെ ശിവരാത്രി വ്യാപാരമേള കരാര്‍ കഴിഞ്ഞ തവണയെക്കാൾ 10 ലക്ഷം രൂപ കുറച്ചാണ് നഗരസഭ നല്‍കിയത്. പിന്നീട്, കോടതി വിധിയിലാണ് ഉയർന്ന തുകയ്‌ക്ക് ടെൻഡറായത്. നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് നേരത്തേതന്നെ എൽഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നു. വള്ളംകളി ഫണ്ട് തട്ടിപ്പിനെക്കുറിച്ചും ആരോപണം ഉയരുന്നുണ്ട്.









0 comments