ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് താലൂക്കാശുപത്രി
31ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഫറോക്ക് താലൂക്കാശുപത്രിക്കായി പുതുതായി നിർമിച്ച കെട്ടിട സമുച്ചയം
ഫറോക്ക് ഫറോക്ക് ഗവ. താലൂക്കാശുപത്രിക്കായി നിർമിച്ച കെട്ടിട സമുച്ചയം 31ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെ 23.5 കോടി രൂപ ചെലവിൽ 47,806 ചതുരശ്ര അടി വിസ്തൃതിയിലാണ് ബഹുനില കെട്ടിട സമുച്ചയം നിർമിച്ചിട്ടുള്ളത്. അതിനൂതന സംവിധാനങ്ങളും നിരവധി സ്പെഷ്യാലിറ്റികളുമുള്ള ആശുപത്രിയിൽ ഒരേസമയം 103 രോഗികളെ കിടത്തിച്ചികിത്സിക്കാം. ഓക്സിജൻ പ്ലാന്റ്, ട്രോമാ കെയർ യൂണിറ്റ്, അത്യാഹിതവിഭാഗം, ഓപറേഷൻ തിയറ്ററുകൾ തുടങ്ങിയവയും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ടാകും. താഴത്തെനിലയിൽ മൈനർ ഒപി, ട്രോമാ കെയർ, ഫാർമസി, നാല് ഒപി വിഭാഗങ്ങൾ, ഒന്നാംനിലയിൽ ആധുനിക ലാബ്, നാല് ഒപികൾ, സ്റ്റാഫ് ലോബി, സ്നാക്സ് ബാർ, അൾട്രാ സൗണ്ട് സ്കാനിങ് വിഭാഗവും രണ്ടും മൂന്നും നിലകളിൽ 40 കിടക്കകൾവീതമുള്ള സ്ത്രീ–-പുരുഷ വാർഡുകളുമുണ്ട്. 1.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഒന്നും 25,000 ലിറ്റർ ശേഷിയുള്ള രണ്ടെണ്ണവുമടക്കം മൂന്ന് ഭൂതല ജലസംഭരണികളുമുണ്ട്. മലിനജല ശുദ്ധീകരണശാല (എസ്ടിപി), ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കും. ബേപ്പൂർ മണ്ഡലത്തിലെയും മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം പ്രവർത്തനക്ഷമമാകുന തോടെ നിലവിലുള്ളത് ഉൾപ്പെടെ 140 പേരെ കിടത്തിച്ചികിത്സിക്കാനാവും.









0 comments