രാമേട്ടനിപ്പോഴും നാട്ടിപ്പണിയുടെ തിരക്കിലാണ്

കമ്മന കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രഥമ പുരസ്കാരവുംനേടി ചെറുവയൽ രാമന്റെ കാർഷിക സപര്യ മുന്നോട്ട്. പുതിയ അംഗീകാരം തേടിയെത്തിേയപ്പോഴും അടുത്ത കൃഷിക്ക് പാടമൊരുക്കുന്നതിന്റെ തിരക്കിലാണ് കേരളത്തിന്റെ നെല്ലച്ചൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരമാണ് പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ചെറുവയല്‍ രാമന് ലഭിച്ചത്. തിങ്കളാഴ്‌ച നിരവധിപേർ അഭിനന്ദനവുമായി വീട്ടിലെത്തി. വൈകിട്ട് അഞ്ചോടെ മന്ത്രി ടി സിദ്ദിഖുമെത്തി ആദരിച്ചു. ചിങ്ങം ഒന്നിന് എറണാകുളത്ത് നടക്കുന്ന അവാർഡ്‌ദാന ചടങ്ങിലേക്ക് ക്ഷണിച്ചു. പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളൊന്നും ഇൗ കർഷകന്റെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇപ്പോഴും പാടത്തും പറന്പിലുമാണ്. തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ ശേഖരത്തിലുണ്ട്. നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. കാര്‍ഷിക അനുഭവങ്ങള്‍ അറിയാനും വിത്തിനങ്ങളെക്കുറിച്ച് പഠിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാർഥികൾ അടക്കമുള്ളവർ കമ്മന രമേട്ടൻ കവലയിലെ പുല്ല് മേഞ്ഞ വീട്ടിലെത്തും. ആരെയും നിരാശരാക്കാതെ എല്ലാവർക്കും സമയംപോലെ കാര്യങ്ങൾ വിശദീകരിക്കും. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി വിദേശത്തുൾപ്പെടെയുള്ള വേദികളിലും ഇൗ കർഷകന്റെ ശബ്ദമുയർന്നു. കാലാവസ്ഥ വ്യതിയാനും ഉൾപ്പെടെ ബാധിച്ചെങ്കിലും പിന്തിരിയാതെ കൃഷിയിൽ മുഴുകുകയാണ്. അഭിനന്ദങ്ങളുമായി ആളുകൾ എത്തുന്പോഴും ഇത്തവണ നാട്ടിപ്പണി എപ്പോൾ തീർക്കാൻ കഴിയുമെന്ന ആശങ്കയാണ് രാമേട്ടന്.









0 comments