35 വർഷത്തെ കാത്തിരിപ്പിന് വിരാമം
രാജീവ് ദശലക്ഷം ഉന്നതി നിവാസികൾക്ക് പട്ടയം വൈകില്ല

കിനാനൂർ വില്ലേജിലെ രാജീവ് ദശലക്ഷം ഉന്നതിയിൽ റവന്യു ഉദ്യോഗസ്ഥരും താമസക്കാരും

സ്വന്തം ലേഖകൻ
Published on Jul 30, 2025, 02:00 AM | 1 min read
കരിന്തളം
കിനാനൂർ വില്ലേജിലെ രാജീവ് ദശലക്ഷം ഉന്നതിയിലെ താമസക്കാർക്ക് ഇനി ഭൂമിക്ക് പട്ടയം ലഭിക്കും. 35 വർഷത്തിലധികമായി പട്ടയം ലഭിക്കാത്ത 13 കുടുംബങ്ങൾക്കാണ് കലക്ടറുടെ പട്ടയ മിഷന്റെ ഭാഗമായി പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുന്നത്. കിനാനൂർ വില്ലേജിൽ സർവേ നമ്പർ 469/ 5 ൽ ഉൾപ്പെട്ട ഭൂമിക്കാണ് പട്ടയം അനുവദിക്കുക. 1990- കളിൽ ചോയ്യംകോട് പ്രദേശത്തെ പതിമൂന്നോളം കുടുംബങ്ങൾക്ക് രാജീവ് ദശലക്ഷം ഉന്നതി പദ്ധതി പ്രകാരം വീടും ഭൂമിയും അനുവദിച്ചിരുന്നു. 13 കുടുംബങ്ങളും ഇവിടെ വീട് വച്ച് താമസിച്ചു വരികയായിരുന്നു. എന്നാൽ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. റവന്യൂ അധികാരികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തി, നിരന്തരം നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. കലക്ടർ കെ ഇമ്പശേഖർ ആവിഷ്കരിച്ച പട്ടയ മിഷനിൽ കുടുംബങ്ങൾ വീണ്ടും അപേക്ഷ സമർപ്പിച്ചതോടെയാണ് ദീർഘനാളത്തെ പ്രശ്നത്തിന് പരിഹാരമാകുന്നത്. വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളിയുടെ നിർദ്ദേശപ്രകാരം കിനാനൂർ വില്ലേജ് ഓഫീസറായ ആർ മധുസൂദനനും വില്ലേജ് ജീവനക്കാരും പട്ടയ നടപടി സ്വീകരിക്കാനുള്ള ശ്രമം ആരംഭിച്ചു. പഞ്ചായത്ത് അധീന ഭൂമിയാണെന്ന പേരിലായിരുന്നു മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചപ്പോൾ പരിഗണിക്കാതെ പോയത്. ഇത് മനസ്സിലാക്കിയ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് അധീന ഭൂമിയാണെങ്കിൽ അത് സ്ഥാപിക്കുന്നതിനുള്ള രേഖകൾ ലഭ്യമാക്കാൻ കത്തു നൽകുകയായിരുന്നു. രേഖകൾ പരിശോധിച്ച് വസ്തു പഞ്ചായത്ത് അധീനഭൂമിയല്ലെന്ന് ഉറപ്പിച്ച ശേഷമാണ് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് പട്ടയ ശുപാർശ സമർപ്പിച്ചത്. പട്ടയ നടപടി അവസാന ഘട്ടത്തിലാണെന്നും അടുത്തമാസം നടക്കുന്ന പട്ടയമേളയിൽ നൽകാനാവുമെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 2 സെന്റ് ഭൂമിയാണ് ലഭിക്കുക.









0 comments