ഉറപ്പാണ് തൊഴിൽ; ജോബ് സ്‌റ്റേഷനിലേക്ക് വരൂ

കാസർകോട്
പലർക്കും ഇപ്പോഴും സംശയമാണ്. ശരിക്കും ജോലി കിട്ടുമോ. എവിടെയായിരിക്കും ജോലി. ഏതായിരിക്കും കമ്പനി. ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനാകുമോ. ഇവയ്ക്ക് ഉത്തരം വേണമെങ്കിൽ നിങ്ങൾസംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ജോബ് സ്റ്റേഷനിലേക്ക് ചെല്ലൂ.ഇവിടെ പ്രത്യേകം പരിശീലനം നേടിയിട്ടുള്ള വിദഗ്ദരുണ്ട്. അവർ സംശയങ്ങൾക്കു മറുപടി നൽകുക മാത്രമല്ല നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാനുള്ള സഹായവും ചെയ്തുതരും. അപേക്ഷ സമർപ്പിച്ചാൽ രണ്ടാഴ്‌ചക്കുള്ളിൽ അപേക്ഷിച്ച ജോലിക്കുള്ള പരിശീലനത്തിന്റെ തെരഞ്ഞെടുപ്പിനായി ശിൽപശാല. പരിശീലനം, അതിനു വേണ്ടി വരുന്ന ചെലവ്, ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വിശദീകരിക്കാൻ കമ്പനി പ്രതിനിധികളോടൊപ്പം നോളേജ് മിഷന്റെ മുതിർന്ന ചുമതലക്കാരുമുണ്ടാവും. ജില്ലയിലെ ആദ്യത്തെ ജൊബ് സ്‌റ്റേഷൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലൊരുങ്ങി. ഇതുവഴി ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ അന്വേഷണം കൂടുതൽ എളുപ്പമാകും. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽ അന്വേഷകർക്ക് നൽകുന്ന സേവനങ്ങളെപ്പറ്റി അറിവ് നൽകുക, കരിയർ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള കരിയർ കൗൺസിലിലൂടെയുള്ള സേവനങ്ങൾ ബുക്കിങ് സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുക, ഓൺലൈനിൽ ഇന്റർവ്യൂകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഒരുക്കുക, ഇന്റർവ്യൂകളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക മെന്റർഷിപ്പ് ലഭ്യമാക്കുക എന്നീ സേവനങ്ങളും ജോബ്സ്റ്റേഷൻ വഴി നടത്തി വരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിവിധ പഞ്ചായത്ത് തല പരിശീലനം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ കെട്ടിടമാണ് ജോബ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. ബ്ലോക്കിലെ സീനിയർ എക്സ്റ്റൻഷൻ ഓഫീസറോ ജുനിയർ സൂപ്രണ്ടോ ജോയിൻറ് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർക്കോ പുറമേ കില നിയോഗിക്കുന്ന തിമാറ്റിക് വിദഗ്ധരൂം കിലയുടെ കീഴിലുള്ള വിവിധ കോഡിനേറ്റർമാരും, കുടുംബശ്രീ മിഷൻ ബ്ലോക്ക് കോഡിനേറ്ററും യുവജനക്ഷേമ ബോർഡ് കോർഡിനേറ്ററൂമടങ്ങുന്ന ടീമാണ് ജോബ്സ്റ്റേഷന് നേതൃത്വം നൽകുന്നത്. ഇതിനുപുറമേ ആവശ്യമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇൻ്റേൺസ്, റിസോഴ്സ് പേഴ്സണെ ടീമിൽ ഉൾപ്പെടുത്തും. പഞ്ചായത്ത് തലത്തിൽ ഫേസിലിറ്റേഷൻ സെന്റർ എന്നാണ് കേന്ദ്രങ്ങൾ അറിയപ്പെടുന്നത്.









0 comments