ad
Deshabhimani

മടക്കിയയക്കുന്നു, രോഗികളോട്‌ ക്രൂരത ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രി പ്രവർത്തനം അവതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം യുഡിഎഫ് ഭരണംവന്നതോടെ അവതാളത്തിലായി. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ രോഗികളോട് ക്രൂരതകാട്ടുകയാണ് ആരോഗ്യവകുപ്പ്. 51 ഡോക്ടര്‍മാരില്‍ 22പേരുടെയും സേവനം ഇല്ലാതായി. പല ഡോക്ടര്‍മാരെയും സ്ഥലംമാറ്റി. മെഡിക്കല്‍ അവധിയില്‍ പോയവരുമുണ്ട്. ഇവര്‍ക്ക് പകരംനിയമനമൊന്നും നടത്തുന്നില്ല. കാര്‍ഡിയോളജിക് ഡോക്ടര്‍ അവധിയില്‍പോയതോടെ കാത്ത് ലാബും അടച്ചുപൂട്ടി. ഡോക്ടര്‍മാരുടെ കുറവുമൂലം ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം നേര്‍പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം രാവിലെ 8മുതല്‍ പകൽ ഒന്നുവരെയായിരുന്നു. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നതോടെ ഒപി രാവിലെ 8മുതല്‍ വൈകിട്ട് 7വരെ ദീര്‍ഘിപ്പിച്ചു. ഈ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നിയമിച്ചു. പനി ബാധിതര്‍ക്കായി പ്രത്യേക ക്ലിനിക്കുകളും ഇതോടൊപ്പം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലം കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്. ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ പനി ക്ലിനിക്കും നിര്‍ത്തലാക്കി. അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡോക്ടര്‍ കുറവുകാരണം രാത്രി 7ന്‌ ശേഷം അത്യാഹിത കേസുകള്‍ക്കുമാത്രമേ കാഷ്വാലിറ്റിയില്‍ ചികിത്സ ലഭ്യമാവുകയുള്ളൂവെന്ന നോട്ടീസും ഇവിടെ പതിച്ചിട്ടുണ്ട്. ഉച്ചയ്‌ക്കുശേഷം ഒരു ഡ്യൂട്ടി ഡോക്ടര്‍മാത്രമേ ജില്ലാ ആശുപത്രിയിലുള്ളൂ. ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വത്തില്‍പ്പെട്ട, ജീവിതശൈലി രോഗ മരുന്നുവിതരണം മുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. ജില്ലാ പഞ്ചായത്ത് ഇടപെട്ട് വിതരണംചെയ്യുന്ന മരുന്നുകള്‍മാത്രമാണ് ആശുപത്രിയിലെത്തുന്നത്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവക്കുള്ള മരുന്നും മുടങ്ങുന്നത് പതിവായി. മരുന്ന് വിതരണക്കാരായ കെഎംസിഎല്‍ ലിമിറ്റഡിന്റെ കാഞ്ഞങ്ങാട് വേര്‍ഹൗസിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള ചുമലക്കാരുടെ തസ്തികയും നികത്തിയിട്ടില്ല. ഇവിടെനിന്ന്‌ ജില്ലാ ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം ഇതോടെ തടസപ്പെടുകയാണ്. പനിയും മറ്റ് പകര്‍ച്ചവ്യാധികളും ബാധിച്ച് ദിവസവും നൂറുകണക്കിന് രോഗികളാണ് ചികിത്സയ്‌ക്കെത്തുന്നത്. ഉച്ചവരെമാത്രമാണ് ഒപിയില്‍ ഡോക്ടര്‍മാരുള്ളത്. പകൽ ഒന്നിനുശേഷം എത്തുന്ന രോഗികളെ ചികിത്സനൽകാതെ തിരിച്ചയക്കുന്നു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ആദിവാസി ജനവിഭാഗത്തിന്റെയും സാന്പത്തികമായി പിന്നോക്കംനില്‍ക്കുന്നവരുടെയും ആശ്രയമായ ജില്ലാ ആശുപത്രിയെ ഇല്ലാതാക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന്‌ നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home