എൽബിഎസും ടിസിഎസും കൈകോർക്കുന്നു പഠിക്കാം വമ്പൻ പുതുതലമുറ 
കോഴ്‌സുകൾ

എൽബിഎസ്‌
വെബ് ഡെസ്ക്

Published on Jun 29, 2025, 03:00 AM | 1 min read

കാസർകോട്‌

കാസർകോട്‌ എൽബിഎസ്‌ എൻജിനീയറിങ് കോളേജിൽ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേർന്ന്‌ രണ്ട്‌ പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുന്നു. അത്യുത്തര മലബാറിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാവുന്നതാണ്‌ ടിസിഎസുമായി ചേർന്നുള്ള കോഴ്‌സുകൾ. ആഗോള തൊഴിൽ സാധ്യത മുന്നിൽക്കണ്ട്‌ നിർമിതബുദ്ധിയിലും ഡാറ്റ സയൻസിലും സ്‌പെഷലൈസേഷനോടെയുള്ള കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ ബിസിനസ്‌ സിസ്‌റ്റംസ്‌ നാലുവർഷ കോഴ്‌സുകളാണ്‌ ഈ വർഷം ആരംഭിക്കുക. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തിങ്കളാഴ്‌ച കോളേജിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കോഴ്‌സ്‌ ഉദ്‌ഘാടനം ചെയ്യും. ടിസിസിഎസുമായുള്ള ധാരണാപത്രം ചടങ്ങിൽ ഒപ്പുവയ്‌ക്കും. 60 സീറ്റുകളാണ്‌ ഉണ്ടാവുക. ടാറ്റ കൺസൾട്ടൻസി സർവീസസിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാഠ്യപദ്ധതി. വിദ്യാർഥികൾക്കും അധ്യാപകർക്കും അത്യാധുനിക സാങ്കേതിക വിദ്യകളിൽ ടിസിഎസ് നേരിട്ട് പരിശീലനം നൽകും. കംപ്യൂട്ടർ സയൻസ്‌ അനുബന്ധ രംഗങ്ങളിലെ തൊഴിൽ നൈപുണിക്കൊപ്പം ഹ്യൂമാനിറ്റീസ്, മാനേജ്‌മന്റ് സയൻസ്, മാനുഷിക മൂല്യങ്ങൾ എന്നീ മേഖലകളും സിലബസിലുണ്ട്‌. സമകാലീന സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്‌ എന്നീ വിഷയങ്ങളിലും അവർക്ക്‌ പരിചയം ലഭിക്കും. ടിസിഎസിലും ഇതര കമ്പനികളിലും ഇന്റേൺഷിപ് അവസരമുണ്ടാവും. പുതിയ ക്ലാസ്‌മുറി സമുച്ചയം, അഗ്നി സുരക്ഷാസംവിധാനം, നവീകരിച്ച ഇലക്ട്രിക്കൽ ഡിപാർട്ട്മെന്റ് സമുച്ചയം എന്നിവയും ഉദ്‌ഘാടനം ചെയ്യും. ഇലക്ട്രിക്കൽ ആന്റ്‌ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിന്റെ എൻബിഎ അക്രഡിറ്റേഷൻ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. രാവിലെ പത്തിന്‌ നടക്കുന്ന ചടങ്ങിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാവും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ മുഹമ്മദ്‌ ഷുക്കൂർ, യുജി ഡീൻ ഡോ. പ്രവീൺ കുമാർ കോടോത്ത്‌, റിസർച്ച്‌ ഡീൻ ഡോ. പി പ്രമോദ്‌, പ്ലേസ്‌മെന്റ്‌ ഓഫീസർ ഡോ. സി രാഹുൽ, പി വൈ ജോഷ്വ, പിടിഐ വൈസ്‌ പ്രസിഡന്റ്‌ മുജീബ്‌ റഹ്‌മാൻ മാങ്ങാട്‌, സി വി കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home