വിജ്ഞാന കേരളം പദ്ധതി
തൊഴിൽ അഭിമാനമാകണം, എല്ലാവർക്കും തൊഴിൽ ലക്ഷ്യമാകണം

കാസർകോട്
സര്‍ക്കാര്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും ലഭ്യമാക്കാൻ കാസർകോട്ട് സന്നദ്ധ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും കോഡിനേറ്റർമാരുടെയും അധ്യാപകരെയും ഒത്തുചേരൽ. എല്ലാവർക്കും തൊഴിലെന്ന ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായിരുന്നു ഒത്തുചേരൽ. ജില്ലയിൽ ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടതിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കിയെങ്കിലും ഇതിനുമപ്പുറം ചെയ്യാനുണ്ടെന്ന് യോഗം നിയന്ത്രിച്ച പദ്ധതിയുടെ മുഖ്യ ഉപദേശകൻ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പോളിടെക്നിക്കുകളിലും ഐടിഐകളിലും പഠിച്ചിറങ്ങുന്നവർക്കെല്ലാം ഈ വർഷം തന്നെ തൊഴിൽ നൽകാനുള്ള സാധ്യതകളാണ് ഒരുക്കുന്നത്. ഇവയ്‌ക്കുപുറമെ ജില്ലയിലെ എല്ലാ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും നൈപുണ്യ പരിശീലനം ലഭ്യമാക്കാൻ സജീവ ഇടപെടൽ വേണം. എന്തെങ്കിലുമൊരു നൈപുണി പരിശീലനത്തിൽ ഏർപ്പെടുകയല്ല വിദ്യാർഥി ചെയ്യുക. തനിക്ക് ഇഷ്ടപ്പെട്ട ഒരു ജോലി കണ്ടെത്തിയാൽ അതിനായുള്ള പരിശീലനത്തിലാണ് ഏർപ്പെടുന്നത്. അതുകൊണ്ട് ഇന്നത്തേതുപോലെ ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞ് ജോലിക്കുപോകാതിരിക്കുന്ന അവസ്ഥ വളരെ കുറയും. ഏതെങ്കിലും യോഗ്യത നേടിയിട്ടും വീട്ടമ്മമാരായി കഴിയുന്ന സ്ത്രീകളുണ്ട്. ഇവർക്ക് സ്വന്തം പ്രദേശംവിട്ട് പുറത്തു ജോലിക്ക് പോകാനാവില്ല. ഇവരെയെല്ലാം ഓരോ കുടുംബശ്രീ സിഡിഎസിനുകീഴിലും മൾട്ടി സ്കിൽ ടീമുകളായി സംഘടിപ്പിക്കണം. ഓൺലൈനായി കിട്ടുന്ന ഓർഡർ പ്രകാരം അതതുപ്രദേശത്തെ റിപ്പയർ ആൻഡ് മെയിന്റനൻസ് തുടങ്ങിയ ജോലികൾ ഇവർ ചെയ്തുകൊടുക്കണമെന്നും ഐസക് പറഞ്ഞു. മാതൃഭാഷമാത്രം പഠിച്ചതുകൊണ്ട് തൊഴില്‍ വൈദഗ്ധ്യം നേടാനാകില്ല. അതതുപ്രദേശങ്ങളിലെ കിടപ്പുരോഗികളെ ശ്രുശ്രൂക്ഷിക്കാനുള്ള പരിശീലനം കുടുംബശ്രീ വഴി നൽകി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സഹായത്തോടെ തൊഴിൽ ലഭ്യമാക്കാമെന്നും ഐസക് പറഞ്ഞു.









0 comments