കൈയടിക്കാം കാസർകോടൻ കുതിപ്പിന്

കാസർകോട്
രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷനിൽ ജില്ലയിലെ നഗരസഭകൾ ബഹുദൂരം മുന്നിലേക്ക് കുതിച്ചു. 2024–-ലെ സർവേയിൽ ദേശീയതലത്തിൽ നീലേശ്വരം നഗരസഭ 422 റാങ്കിന് അർഹമായി. കാഞ്ഞങ്ങാട് നഗരസഭ 431ാം സ്ഥാനത്തുണ്ട്. കാസർകോട് നഗരസഭയ്ക്ക് 484ാം റാങ്കുണ്ട്. ഇതാദ്യമായാണ് ജില്ലയിലെ നഗരസഭകൾ മികച്ച റാങ്കിൽ എത്തുന്നത്. മുൻവർഷം നീലേശ്വരം–- 3160, കാഞ്ഞങ്ങാട്–- 3312, കാസർകോട്–-3410 എന്നിങ്ങനെയായിരുന്നു റാങ്ക്. നഗരസഭകളുടെ ശുചിത്വമാലിന്യ സംസ്‌കരണം വിലയിരുത്തി റാങ്കിങ് നൽകുന്ന പ്രക്രിയയാണ് സ്വച്ഛ് സർവേക്ഷൻ. കേന്ദ്ര ഭവന–-നഗരകാര്യമന്ത്രാലയമാണ് രാജ്യത്തെ എല്ലാ നഗരങ്ങളിലും സർവേ നടത്തുന്നത്. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വ്യാഴാഴ്‌ച കേന്ദ്ര ഭവന നഗരമന്ത്രാലയം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സാന്നിധ്യത്തിലാണ് റാങ്കുകൾ പ്രഖ്യാപിച്ചത്. മാലിന്യ മുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് ഉയർന്ന റാങ്കിലേക്ക് നയിച്ചത്. ശുചിത്വ മിഷൻ നേതൃത്വത്തിൽ നഗരസഭകളിലെ ആരോഗ്യവിഭാഗം മുൻകൂർ വിലയിരുത്തലിലൂടെ മോഡൽ റാങ്ക് വിലയിരുത്തിയാണ് ശുചിത്വ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.ഹരിതകർമസേനകൾ വാതിൽപ്പടി ശേഖരണം കൂടുതൽ മികവുറ്റതാക്കി. അജൈവ മാലിന്യ ശേഖരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ മിനി എംസിഎഫുകൾ, പ്ലാസ്റ്റിക് മാലിന്യ ശേഖരണ സംസ്‌കരണ കേന്ദ്രമായ ആർആർഎഫ്, ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചു. വീടുകളിൽ വിവിധ കമ്പോസ്റ്റിങ് സംവിധാനങ്ങൾ കൈമാറി. നഗര സൗന്ദര്യവത്ക്കരണത്തിനായി ചുമർചിത്രങ്ങളും സെൽഫി പോയിന്റുകളും ഒരുക്കി. റോഡുകളുടെ സൗന്ദര്യവൽക്കരണവും നടപ്പാക്കി. ശുചീകരണ ഡ്രൈവുകൾ, കായിക മത്സരങ്ങൾ, ബോധവൽക്കരണ ബോർഡുകൾ, ശുചിത്വ അംബാസിഡർ, പാഴ്‌വസ്തുക്കളിൽ നിന്നും കലാരൂപങ്ങൾ തുടങ്ങിയവയുമൊരുക്കി. നഗരസഭകളിലെ എല്ലാ പൊതുപരിപാടികളും ഹരിതചട്ടം പാലിച്ചാണ് നടപ്പാക്കിയത്. സ്വച്ഛ് സർട്ടിഫിക്കേഷന്റെ ഭാഗമായി പൊതു ശൗചാലയ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് മൂന്ന് നഗരസഭകൾക്കും ഒഡിഎഫ് പ്ലസ് സർടിഫിക്കേഷൻ ലഭിച്ചു.









0 comments