മടിയൻ കൂലോം തുറന്നതല്ല; തുറപ്പിച്ചതാണ്‌

Temple

മടിയൻ കൂലോം ക്ഷേത്രം

avatar
സ്വന്തം ലേഖകൻ

Published on Jan 20, 2025, 03:00 AM | 1 min read


കാഞ്ഞങ്ങാട്‌

ഗുരുവായൂർ സത്യഗ്രഹത്തിന്റെയും മറ്റും അലയൊലികൾ ജില്ലയിലും അക്കാലത്ത്‌ പ്രതിധ്വനിച്ചു. അയിത്തത്തിനും അന്ധവിശ്വാസത്തിനും എതിരെയുള്ള പ്രചാരണം കമ്യൂണിസ്‌റ്റ്‌ പാർടി ഏറ്റെടുത്തു. എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്ര പ്രവേശനം വേണമെന്ന ആവശ്യം കർഷക പ്രസ്ഥാനവും പിന്നാലെ പാർടിയും ഏറ്റെടുത്തു. ജില്ലയിൽ അത്തരത്തിൽ പ്രധാനമായ ഒരു സാമൂഹ്യമുന്നേറ്റമായിരുന്നു 1952 ലെ മടിയൻ കൂലോം ക്ഷേത്രപ്രവേശന ജാഥ ജില്ലയിലെ പ്രശസ്‌ത ക്ഷേത്രങ്ങളിലൊന്നായ മടിയൻ കൂലോത്ത്‌ അമ്പതുകളുടെ തുടക്കം വരെ കീഴ്‌ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവർക്ക്‌ ക്ഷേത്രത്തിന് പുറത്തായിരുന്നു സ്ഥാനം. 1936ൽ ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുവിഭാഗങ്ങൾക്കും തുറന്നു കൊടുത്തുകൊണ്ടുള്ള വിളംബരം, ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനവും അയിത്തോച്ഛാടന പ്രവർത്തനവും തുടങ്ങിയവയെല്ലാം കർഷകസംഘം പ്രവർത്തകരിൽ നവോന്മേഷം ഉണ്ടാക്കി. ദളിതരുടെ ഇടയിൽ സ്വാധീനം വളർത്താൻ, വിശ്വമാനവികതയുടെ ആശയം നടപ്പിലാക്കി കിട്ടണമെന്നും നേതൃത്വം തിരിച്ചറിഞ്ഞു. അവർണ വിഭാഗങ്ങളുടെ തെയ്യത്തിനുപോലും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്ഷേത്രപ്രവേശനത്തിനായി രംഗത്തിറങ്ങാൻ പാർടി തീരുമാനിച്ചത്. അടോട്ട് ഇടവുങ്കാൽ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടി. മടിയനിലേക്ക് മാർച്ച് ചെയ്‌തു. വലിയ പൊലീസ് സന്നാഹം ജാഥയെ തടയാനെത്തി. ജനക്കൂട്ടം മടിയനിലെത്തിയപ്പോൾ പൊലീസും ഊരാളരും ചേർന്ന് നടയടച്ച്‌ അകത്തിരുന്നു. കുറച്ച്‌ പൊലീസ്‌ പുറത്ത്‌ സംഭവങ്ങൾ നിരീക്ഷിച്ചു. ജാഥയുടെ അവസാനം പാർടി നേതാവ്‌ അമ്പു നായർ പ്രഖ്യാപിച്ചു: ‘ഉച്ചക്ക്‌ രണ്ടുമണിക്ക് മുമ്പേ ക്ഷേത്രം തുറന്നില്ലെങ്കിൽ ഞങ്ങൾ ബലം പ്രയോഗിച്ച് കയറും.' ഗത്യന്തരമില്ലാതെ ക്ഷേത്ര അധികൃതരും പൊലീസും, സമരക്കാരുമായി ചർച്ചയ്‌ക്ക്‌ തയ്യാറായി. ഒടുവിൽ ക്ഷേത്രം തുറന്നു കൊടുക്കാൻ നിർബന്ധിതരാവുകയും ചെയ്തു. നൂറ്റാണ്ടുകളായി തങ്ങൾക്ക് മുന്നിൽ കൊട്ടിയടച്ച ക്ഷേത്ര വാതിലുകൾ പൊതുജനങ്ങൾക്കായി മലർക്കെ തുറന്നിട്ടപ്പോൾ ആഹ്ലാദത്തോടെ ജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. പ്രദക്ഷിണം നടത്തി; അമ്പലക്കുളത്തിൽ കുളിച്ച്‌ പ്രാർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home