കുടിവെള്ളം തന്നത് വീണാ ജോർജ്
വോട്ട് വേണ്ടന്ന് പറഞ്ഞവർ അധികാരത്തിലെത്തരുത്

വീണാ ജോർജ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചെലവാക്കി പൂർത്തീകരിച്ച ചേന്നൻചിറ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് സമീപം അനിതയും (ഇടത്തുനിന്ന് രണ്ടാമത്) പൂതക്കുഴിപ്പടിയിലെ മറ്റ് വീട്ടമ്മമാരും
അനിൽ കുറിച്ചിമുട്ടം
Published on Mar 27, 2026, 05:38 PM | 2 min read
കോഴഞ്ചേരി
പത്തു വർഷങ്ങൾക്ക് മുമ്പാണ്. കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ വോട്ട് അഭ്യർഥിച്ചാണ് അന്നത്തെ എംഎൽഎ കൂടിയായിരുന്ന യുഡിഎഫ് സ്ഥാനാർഥി അഡ്വ. ശിവദാസൻ നായർ നാരങ്ങാനം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട പൂതക്കുഴിപ്പടിയിൽ എത്തുന്നത്. ഈ സമയം സ്വീകരണ സ്ഥലത്തെത്തിയ നാട്ടുകാരിയായ വേങ്ങനിൽക്കുന്നതിൽ കെ എസ് അനിത സ്ഥാനാർഥിയോട് പറഞ്ഞു. " ഈ പ്രദേശത്തൊന്നും കുടിവെള്ളം കിട്ടാനില്ല. സാർ എന്തെങ്കിലും ചെയ്യണം. ‘ഇനി ഇപ്പോൾ ഞാൻ വെള്ളം കൊണ്ടു വരാൻ പറ്റുമോ, പഞ്ചായത്തിൽ പോയിപറ എന്ന് മറുപടി നൽകി സ്ഥാനാർഥി ക്ഷുഭിതനായി.
എംഎൽഎ നോക്കിയിട്ട് നടക്കാത്ത കാര്യം പഞ്ചായത്ത് നടത്തുമോ എന്ന് വീട്ടമ്മ ആശങ്കപ്പെട്ടു. ക്ഷുഭിതനായ സ്ഥാനാർഥി നിങ്ങളാരും എനിക്ക് വോട്ട് ചെയ്യേണ്ട. നിങ്ങടെയൊന്നും വോട്ട് വേണമെന്നുമില്ല' എന്ന് പറഞ്ഞ് സ്ഥലവും വിട്ടു. ഒരു കിലോമീറ്ററിലധികം ദൂരെ പോയാണ് അനിത അടക്കം പത്ത് മുപ്പത് വീട്ടുകാർ അന്ന് വെള്ളം കൊണ്ടുവരുന്നത്. ബുദ്ധിമുട്ടിന് ഒരു പരിഹാരം ഉണ്ടാകുമെന്ന് കരുതിയാണ് ആവശ്യം പറഞ്ഞത്. എന്നാൽ പ്രതികരണം കടുത്തതായിരുന്നു.
അന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വീണാ ജോർജ് വോട്ട് അഭ്യർഥിച്ച് പൂതക്കുഴിപ്പടിയിൽ എത്തിയപ്പോഴും അനിത ഉൾപ്പെടെയുള്ള വീട്ടമ്മമാർ കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. അന്ന് വീണാ ജോർജ് നൽകിയ വാക്കാണ് വിജയിച്ചാൽ ആദ്യ ഫണ്ട് ഉപയോഗിച്ച് ഇവിടെ കുടിവെള്ളം എത്തിക്കുമെന്ന്. പിന്നീട് നടന്നത് ചരിത്രമാണ്. ആ തെരഞ്ഞെടുപ്പിൽ വിജയിച്ച വീണാ ജോർജും അന്ന് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരും പൂതക്കുഴിപ്പടിയിലുൾപ്പെടെ കേരളത്തിന്റെ സമസ്ത മേഖലയിലും കഴിഞ്ഞ പത്തു വർഷംകൊണ്ട് നടത്തിയ വികസനം സമാനതകളില്ലാത്തതാണ്. ഏകദേശം അറുപതോളം വീട്ടുകാരുള്ള പൂതക്കുഴിപ്പടിയിൽ വർഷത്തിൽ ആറ് മാസക്കാലം അരകിലോമീറ്ററോളം ദൂരത്തുനിന്നാണ് കുടിവെള്ളം എത്തിച്ചിരുന്നത്.
വീണാ ജോർജിന്റെ ആദ്യ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചെലവാക്കി 2018 ൽ പൂർത്തീകരിച്ച ചേന്നൻചിറ കുടിവെള്ള പദ്ധതിയിലൂടെ ഇൗ വീട്ടുകാർക്കെല്ലാം കുടിവെള്ളം എത്തിച്ചു നൽകി. അതുകൊണ്ടു തന്നെയാണ് പൂതക്കുഴിപ്പടിയിലെ നാട്ടുകാർ പറയുന്നത് വീണാ ജോർജ് ഇവിടെ ഇനിയും ജയിക്കണം. കുടിവെള്ളം ചോദിച്ചവരുടെ വോട്ട് വേണ്ടാന്ന് പറഞ്ഞ യുഡിഎഫുകാർ ഇനി അധികാരത്തിലെത്തരുത്.










0 comments