"അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വക'
ഒന്നൊന്നര ടർഫ്


അശ്വതി ജയശ്രീ
Published on Nov 29, 2025, 12:05 AM | 2 min read
പത്തനംതിട്ട
ഒരു സ്വകാര്യ ടർഫിൽ ഒരു മണിക്കൂർ കളിക്കാൻ നിങ്ങൾക്ക് എത്ര രൂപ നൽകേണ്ടിവരും...? 2000 അല്ലെങ്കിൽ 1500. എന്നാൽ അരുവാപ്പുലത്തിന്റെ സ്വന്തം ടർഫിൽ കളിക്കാൻ പണം വേണ്ട, ഫുട്‌ബോളിനോടുള്ള ആവേശം മതി. ഒരു ഗ്രാമപഞ്ചായത്ത് അവിടുത്തെ യുവാക്കൾക്കായി കായികപ്രേമികൾക്കായി ഒരു അത്യാധുനിക ടർഫ് നിർമിച്ച കഥ മനോഹരമാണ്.
ഒക്‌ടോബർ 27ന് പ്രവർത്തനമാരംഭിച്ച ടർഫ് ഇന്ന് പഞ്ചായത്തിലെ കുട്ടികളാകെ വൈകുന്നേരങ്ങൾ ചെലവിടുന്ന പ്രധാന കേന്ദ്രമായി. ലഹരിയും അമിത മൊബൈൽ ഉപയോഗവുമടക്കം പുതുതലമുറയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഇത്തരം ടർ--ഫുകൾ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ രേഷ്‌മ മറിയം റോയിയുടെ നേതൃത്വത്തിലാണ് അരുവാപ്പുലം കല്ലേലി അക്കരക്കാലപടിയിൽ ടർഫുയർന്നത്. സമൂഹമാധ്യമങ്ങളിൽ ടർഫും പഞ്ചായത്തും ഹിറ്റായത് അറിയാത്തവരില്ല.
കാടുകയറി കിടന്ന ഒരു കുഞ്ഞൻ ഫുട്‌ബോൾ മൈതാനത്തെയാണ് ആരും നോക്കിനിന്നുപോകുന്ന അത്യുഗ്രഹൻ ടർഫാക്കിയത്. പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു വി എസ് സ്‌പോർട്‌സ് ഹബ് എന്ന് പേരുനൽകിയ ടർഫിന്റെ നിർമാണം. കായികതാരങ്ങളെ വാർത്തെടുക്കാൻ വിഷൻ 2030 എന്ന പേരിൽ കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനവും നൽകുന്നുണ്ട്. ഓരോ വാർഡിലെയും കുട്ടികൾ തങ്ങൾക്കനുവദിച്ച സമയത്തെത്തി പരിശീലനം നടത്തുന്നുണ്ട്. മലയോര മണ്ണിൽനിന്ന് കായികതാരങ്ങളെ ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവും അരുവാപ്പുലം പഞ്ചായത്തിനുണ്ട്. 70 ലക്ഷം രൂപ മുടക്കിയായിരുന്നു നിർമാണം. കളിസ്ഥലത്തിന്റെ രണ്ട് വശങ്ങളിലും ഗതാഗത തിരക്കുള്ള കോന്നി –- അച്ചന്‍കോവില്‍ പൊതുമരാമത്ത് റോഡും ഒരു വശത്ത് അരുവാപ്പുലം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി, സാംസ്കാരിക നിലയം ഉള്‍പ്പെടെയുള്ളവ ആയതിനാൽ പഴയ മൈതാനം ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ടർഫ് വന്നതോടെ ആ പ്രശ്നത്തിനും പരിഹാരമായി.
ഇത് ഞങ്ങളുടെ അഭിമാനം
ഞങ്ങടെ പ്രസിഡന്റ് പൊളിയല്ലേ... അല്ലെങ്കിൽ ഇങ്ങനെയൊരു സൂപ്പർ ടർഫ് ഇവിടെ വരുമായിരുന്നില്ല. കേരളത്തിലേത് ഗ്രാമപഞ്ചായത്തിനാണ് സ്വന്തമായി ടർഫുള്ളത്. ഇന്ന് അരുവാപ്പുലം പഞ്ചായത്തിലെയാകെ കുട്ടികൾ ഇവിടെ കളിക്കാനെത്തുന്നുണ്ട്. മുമ്പ് കാടുകയറിക്കിടന്ന വെറും മൺമൈതാനമായിരുന്നു ഇത്. ഇന്നിതാ ഉന്നതനിലവാരത്തിൽ ഇവിടെയൊരു ടർഫുയർന്നു. അത് ഞങ്ങളുടെ പഞ്ചായത്തിലായത് അഭിമാനമാണ്–
സോനു, ടർഫിലെ ഫുട്‌ബോൾ കളിക്കാരൻ









0 comments