ഹിറ്റാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
സഞ്ചാരികളേറി, വരുമാനവും


അശ്വതി ജയശ്രീ
Published on Oct 09, 2025, 12:01 AM | 1 min read
പത്തനംതിട്ട
ജില്ലയുടെ വിനോദസഞ്ചാരമേഖലയുടെ പ്രധാനകണ്ണികളായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വളർച്ചയുടെ പാതയിൽ. 2023 മുതൽ 2025 മാർച്ചുവരെയുള്ള കണക്കുപ്രകാരം വനംവകുപ്പിനുകീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽനിന്നുള്ള വരുമാനം 6.86 കോടിയാണ്.
2023ൽ 2.92 കോടിയായിരുന്ന വരുമാനം 2024ൽ 3.11 കോടിയായി. 2025 മാർച്ചുവരെ 82.87 ലക്ഷം രൂപയുമാണ് ജില്ലയിലെ വരുമാനം. ഡിസംബറോടെ കണക്കുകൾ പുറത്തുവരുമ്പോൾ 2025ലെ വരുമാനം നാലുകോടിയായേക്കും. കോന്നി, റാന്നി വനം ഡിവിഷനുകളുടെ ഭാഗമാണ് ഇൗ ടൂറിസം കേന്ദ്രങ്ങൾ.
കോവിഡിനുശേഷമാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായത്. ഇതിൽ ആഭ്യന്തര, വിദേശയാത്രക്കാരുണ്ട്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും കൂടുതൽ പേരെ ജില്ലയിലേക്ക് ആകർഷിച്ചു. കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലുകളുടെ ഭാഗമായുള്ള യാത്രകളിലും ഗവി, അടവി അടക്കമുള്ളവ വമ്പൻ ഹിറ്റാണ്. മിക്കയിടത്തും ഗവി യാത്രയാണ് കെഎസ്‌ആർടിസിക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നത്. ശബരിമല, ആറന്മുള, പരുമല പള്ളി എന്നിവയും മാരാമൺ, ചെറുകോൽ മതസമ്മേളനങ്ങളും ജില്ലയിലേക്ക് ലക്ഷക്കണക്കിനുപേരെ എത്തിക്കുന്നു.









0 comments