ഇന്നും താരം ഇൗ തിരുവാതിരമുത്തശ്ശി
അംഗനേ ഞാന് അങ്ങ് പോവതെങ്ങനെ...

തങ്കമ്മ കൊച്ചുമകളായ മീനാക്ഷിക്കൊപ്പം ചുവടുവെയ്ക്കുന്നു
അനിൽ കുറിച്ചിമുട്ടം
Published on Aug 30, 2025, 12:15 AM | 1 min read
കോഴഞ്ചേരി
എഴുപത്തെട്ടുവർഷം മുമ്പ് ഒരുതിരുവോണദിനം. പുല്ലാട് ഗ്രാമത്തിന്റെ നടുമുറ്റത്തെ ആൽത്തറച്ചുവട്ടിൽനിന്ന് പതിമൂന്നുകാരിയായ നവവധുവിന്റെ വായ്‌കുരവ. കേട്ടവർ അമ്പരന്ന് ഓടിക്കൂടി. ആകാംക്ഷയുടെ കണ്ണുകൾ ചുറ്റും. തങ്കമ്മയ്‌ക്കുണ്ടോ കുലുക്കം. അവർ ചുവടുവച്ചു. ഒപ്പം നാട്ടുകാരും. ഉറങ്ങിക്കിടന്ന ഒരുനാടിനെ വിളിച്ചുണർത്തലായി ആ തിരുവാതിരച്ചുവട്. തിരുവാതിരകളിയില്ലാത്ത ഒരു ഓണാഘോഷവും ഇല്ലാതിരുന്ന കാലത്ത് നാടിനെ തിരുവാതിരകളി പഠിപ്പിച്ച മുത്തശ്ശിക്ക് ഓണം ഇന്നും ലഹരിയാണ്. കോയിപ്രം കുന്നന്താനം ശ്രീചിത്തിരമന്ദിരം കൊച്ചുപറമ്പിൽ തങ്കമ്മ കുഞ്ഞച്ചൻ തൊണ്ണൂറ്റിയൊന്നാം വയസിലും തിരുവാതിരകളി എന്നുപറഞ്ഞാൽ പാട്ടുപാടി ചുവടുവയ്‌ക്കും. കൊല്ലവർഷം 1110ൽ ജനിച്ച തങ്കമ്മയെ പതിമൂന്നാം വയസിലാണ് പൂവത്തൂരിൽനിന്നും കുഞ്ഞച്ചൻ കല്യാണംകഴിച്ചു കൊണ്ടുവരുന്നത്. സ്വന്തംനാട്ടിൽ ഓണം ആഘോഷമാക്കിയിരുന്ന തങ്കമ്മയ്‌ക്ക് ഭർത്താവിന്റെ നാട്ടിൽ ഇതൊന്നും കാണാൻ കഴിയാത്തതിൽ തെല്ലുനിരാശ തോന്നി. പെണ്ണുങ്ങൾ ചോറുംകലം തലയ്‌ക്കുവച്ച് ഉറങ്ങുന്നു. ആഘോഷങ്ങളൊക്കെ അവർക്ക് അന്യം. എന്നാൽ അങ്ങനെയങ്ങു വിടാൻ തങ്കമ്മ ഒരുക്കമായില്ല. ജീവിച്ചത് അങ്ങനെയല്ലേ. തിരുവോണസദ്യ കഴിച്ച തങ്കമ്മ വീട്ടിൽനിന്നിറങ്ങി നേരെ ശ്രീചിത്തിരമന്ദിരത്തിലെ ആലിൻചുവട്ടിലേക്ക്. ഒന്നും ആലോചിച്ചില്ല, ഉച്ചത്തിൽ വായ്‌കുരവയിട്ടു. ഉച്ചയുറക്കത്തിലാണ്ടവർ ഓരോരുത്തരായി പുറത്തേക്ക് വന്നു. അവരെ കുറച്ചുപേരെ ചേർത്ത് പാട്ടുപാടി തിരുവാതിരകളിച്ച് തങ്കമ്മ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഓണാഘോഷം നെഞ്ചേറ്റുകയായിരുന്നു ആ ഗ്രാമം. കാതുകൾക്ക് ഇമ്പമേറിയ പാട്ടുകളാൽ സമൃദ്ധമായിരുന്ന തിരുവാതിരകളി കേരളത്തനിമയുടെ അടയാളമാണെന്ന് തങ്കമ്മ പറയുന്നു. മലയാളി വനിതകളുടെ തനത് സംഘനൃത്ത കലാരൂപമായ ഇതിനെ കൈകൊട്ടിക്കളി, കുമ്മികളി എന്നും പറയാറുണ്ട്. നിരവധി പേരെ ഇക്കാലയളവിൽ തിരുവാതിരകളി പഠിപ്പിക്കാൻ കഴിഞ്ഞു. ഇക്കൂട്ടത്തിൽ കൊച്ചുമക്കളുമുണ്ട്– തങ്കമ്മയുടെ മുഖത്ത് സന്തോഷത്തിരയിളക്കം. ഭജനപാട്ടിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നാലു മക്കളും ഒമ്പതു കൊച്ചുമക്കളും അവരുടെ പത്തുമക്കളുമടങ്ങുന്ന കുടുംബത്തിലെ തലൈവിയാണ് തങ്കമ്മ.










0 comments