സത്രത്തിലേക്ക് യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി

സത്രം – പുല്ലുമേട് -– സന്നിധാനം കാനനപാത വഴിയുള്ള യാത്രയ്ക്ക് ടോക്കൺ കൈപ്പറ്റാൻ സത്രത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിനുമുന്നിൽ വരിനിൽക്കുന്ന തീർഥാടകർ
ശബരിമല
പരമ്പരാഗത കാനനപാതയായ സത്രം-– പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന തീർഥാടകർക്ക് യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി ചെയിൻ സർവീസ്. കോട്ടയം-– കുമളി ദേശീയപാതയിലുള്ള വണ്ടിപ്പെരിയാറിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്കുള്ളതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.30-ന് കുമളി ഡിപ്പോയിൽനിന്നാണ് ആദ്യ സർവീസ്. സത്രത്തിൽനിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകിട്ട് ആറിനാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം.
സത്രത്തിൽനിന്ന് പുല്ലുമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കാൻ വനംവകുപ്പ് പകൽ ഒന്നുവരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ സ്വകാര്യ ജീപ്പുകൾ ഒരാൾക്ക് 100 രൂപയോ ഒരു ട്രിപ്പിന് 1000 രൂപയോ ഈടാക്കുമ്പോഴാണ് കെഎസ്ആർടിസി ആശ്വാസമാകുന്നത്. 33 രൂപയ്‌ക്കാണ് യാത്ര സാധ്യമാക്കുന്നത്.









0 comments