അഭിമാനത്തോടെ അവരൊന്നിച്ചു

പത്തനംതിട്ട
ആത്മാർഥതയോടെ പഠിച്ചുനേടിയ ജോലി, അതിന്റെ അഭിമാനത്തിൽ അവരൊന്നിച്ചുചേർന്നു. എൽജിഎസ് 548/2019ന്റെ ജില്ലാ റാങ്ക് പട്ടികയിൽ നിന്ന് ജോലി നേടിയവരാണ് പത്തനംതിട്ട ടൗൺഹാളിൽ ഒരുമിച്ചത്. ദ കലക്ടീവ് ക്യാൻവാസ് എന്ന പേരിലായിരുന്നു കൂട്ടായ്മ.
കേരള പബ്ലിക് സർവീസ് കമീഷൻ 2022 ജൂലൈ 17ന് പ്രസിദ്ധീകരിച്ച എൽജിഎസ് റാങ്ക് പട്ടികയിൽ നിന്ന് മൂന്ന് വർഷത്തിൽ ജില്ലയിൽ 411 പേർക്കാണ് സർക്കാർ സർവീസിലേക്ക് വിവിധ വകുപ്പുകളിലായി നിയമന ശുപാർശ ലഭിച്ചത്. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു. ഓഫീസ് അറ്റൻഡന്റുമാരായി ഒതുങ്ങാതെ ഉന്നതവിദ്യഭ്യാസം നേടാനും ഇനിയും പിഎസ്‌സി പരീക്ഷയെഴുതി മറ്റ് തസ്‌തികകളിൽ ജോലി നേടാനുമാകുമെന്ന സ്വപ്നമാണ് അവർക്കെല്ലാം. പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദേശം നൽകിയതും സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കിയതോടെയാണ് ഇത്രയധികം നിയമനം ജില്ലയിൽ നടന്നത്. നാനൂറിലധികം വരുന്ന കുടുംബങ്ങൾക്ക് സ്ഥിരവരുമാനവും പുതിയ ജീവിതവുമാണ് സർക്കാർ നയം നൽകിയത്. എൽജിഎസ് റാങ്ക് പട്ടികയിൽ നിന്ന് സംസ്ഥാനത്തുടനീളം മൂന്നുവർഷത്തിൽ 8476 പേർ സർക്കാർ സർവീസിലേക്ക് പ്രവേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുനീഷ് കുമാർ സർവീസിൽ കയറിയവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഹരികൃഷ്‌ണൻ അധ്യക്ഷനായി. അരവിന്ദ് കൃഷ്‌ണൻ, ജോയൽ ജോസ്, ശ്രീപ്രിയ, ഐശ്വര്യ, മന്യ രാജ് തുടങ്ങിയവരും സംസാരിച്ചു.









0 comments