മരണാനന്തര അവയവദാനം
സമ്മതപത്രം നൽകാൻ മടിച്ച് മലയാളികൾ


അശ്വതി ജയശ്രീ
Published on Sep 19, 2025, 12:04 AM | 1 min read
പത്തനംതിട്ട
അവയവമാറ്റ ശസ്‌ത്രക്രിയകൾ ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ പിന്തുണ നൽകുമ്പോഴും മരണാനന്തര അവയവദാനത്തിനായി സമ്മതപത്രം നൽകാൻ മടിച്ച് മലയാളികൾ. ദേശീയ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (നോട്ടോ) അവയവദാന രജിസ്‌ട്രിയിലെ കണക്കുപ്രകാരംം കേരളത്തിൽ ഇതുവരെ 7,883 പേരാണ് മരണാനന്തര അവയവദാനത്തിന് സമ്മതപത്രം നൽകിയിട്ടുള്ളത്. ഇതുപ്രകാരം രാജ്യത്ത് 11–ാം സ്ഥാനത്താണ് കേരളം.
1,05,069 പേർ രജിസ്റ്റർ ചെയ്ത മഹാരാഷ്‌ട്രയാണ് ഒന്നാംസ്ഥാനത്ത്. രാജ്യത്താകെ 4,31,400 പേർ മാത്രമാണ് മരണാനന്തര അവയവദാനത്തിന് സമ്മതപത്രം നൽകിയിട്ടുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളത്തെ മരണാനന്തര അവയവദാന മേഖലയിലും ഒന്നാമതെത്തിക്കാൻ കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ–സോട്ടോ) വിവിധ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുന്നുണ്ട്. "ജീവനേകാം ജീവനാകാം' എന്ന പേരിൽ സാമൂഹ്യമാധ്യമ ക്യാമ്പയിന് കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. വൃക്കയ്‌ക്കുമാത്രം സംസ്ഥാനത്ത് 2,231 പേർ കാത്തിരിക്കുന്നുണ്ട്. 2012 മുതൽ 2024 വരെ 1,084 അവയവമാറ്റ ശസ്‌ത്രക്രിയകളാണ് സംസ്ഥാനത്ത് നടന്നത്. കെ–സോട്ടോയുടെ https://ksotto.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്യാം.
നിരന്തര ബോധവൽക്കരണം വേണം
അവയവദാന സമ്മതപത്രം നൽകിയാൽ ഉടൻ അവയവങ്ങൾ ആശുപത്രികൾ തട്ടിയെടുക്കുമെന്ന തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ ആധാർ നമ്പരുപയോഗിച്ച് നടത്തുന്ന രജിസ്‌ട്രേഷൻ നടത്തിയ വ്യക്തിക്കും അടുത്ത ബന്ധുവിനും മാത്രമേ അറിയാനാകൂ. ഓരോയിടത്തും എത്ര പേർ രജിസ്റ്റർ ചെയ്തുവെന്ന കണക്ക് മാത്രമാണ് ഞങ്ങൾക്കുപോലും ലഭ്യമാകൂ. അവയവദാനത്തിന് താൽപ്പര്യമുണ്ടെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചാൽ ഇത് കൂടുതൽ എളുപ്പമാകും. നിരന്തര ബോധവൽക്കരണത്തിലൂടെ മാത്രമേ പൊതുജനങ്ങളിൽ വ്യക്തമായ ധാരണ എത്തിക്കാനാകൂ. അതിനുള്ള ശ്രമത്തിലാണ് കെ സോട്ടോ– ഡോ. നോബിൾ ഗ്രേഷ്യസ്, എക്സിക്യുട്ടീവ് ഡയറക്ടർ, കെ–സോട്ടോ.









0 comments