വിജ്ഞാനകേരളത്തിലൂടെ ജില്ല സംസ്ഥാനത്തിന് വഴി കാട്ടി : മന്ത്രി എം ബി രാജേഷ്

അടൂർ
വിജ്ഞാനകേരളം പദ്ധതിയിലൂടെ ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. "ഓണത്തിന് ഒരു ലക്ഷം തൊഴിൽ' പ്രാദേശിക തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനം അടൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാനകേരളം പരീക്ഷണത്തിന്റെ തുടക്കം വിജ്ഞാന പത്തനംതിട്ടയാണ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിജ്ഞാനകേരളം, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ എകോപനത്തിലൂടെ 5286 പേർക്ക് തൊഴിൽ നൽകി. 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്തി.
പ്രാദേശിക തലത്തിൽ തൊഴിൽ നൽകാൻ വിജ്ഞാനകേരളത്തിലൂടെ മൈക്രോ, മെഗാ തൊഴിൽ മേളകളും നടത്തുന്നു. അയൽക്കൂട്ടമടിസ്ഥാനത്തിൽ തൊഴിൽ കണ്ടെത്തി വിജ്ഞാനകേരളത്തിലൂടെ നൈപുണ്യ പരിശീലനം നൽകുന്നു. സമഗ്രവും ചിട്ടയോടെയുള്ളതും ആസൂത്രിതവുമായ പ്രവർത്തനമാണ് കുടുംബശ്രീ നടത്തുന്നത്. സ്ത്രീ ഉന്നമനത്തിനു പുറമേ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ സാമൂഹ്യസമ്പദ്ഘടനയിൽ വലിയ മാറ്റമാണ് വിജ്ഞാന കേരളത്തിലൂടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. സേവനശ്രീ ലോഗോ കലക്ടർ എസ് പ്രേം കൃഷ്ണൻ പ്രകാശിപ്പിച്ചു. പ്രാദേശിക തൊഴിൽ രേഖ പ്രകാശനവും മുഖ്യപ്രഭാഷണവും വിജ്ഞാന കേരളം സ്റ്റേറ്റ് അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്ക് നടത്തി. വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച സിഡിഎസ്, എഡിഎസ്, അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്, ജി ആർ സി, സംരംഭക ഗ്രൂപ്പ്, വ്യക്തിഗത സംരംഭക ഗ്രൂപ്പ്, ബഡ്സ്/ ബി ആർ സി എന്നിവയുടെ അവാർഡ് ദാനവും ചടങ്ങിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, അംഗം ജിജി മാത്യു, അടൂർ നഗരസഭ ചെയർപേഴ്സൺ മഹേഷ് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ബി എസ് അനീഷ് മോൻ, പി എസ് മോഹനൻ, എസ് രാജേന്ദ്രപ്രസാദ്, സുശീല കുഞ്ഞമ്മക്കുറുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് ആദില, പന്തളം എം ഇ ആർ സി ചെയർപേഴ്സൺ രാജി പ്രസാദ്, അടൂർ എൽഐസി ഡെവലപ്മെന്റ് ഓഫീസർ സി എസ് ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.









0 comments