ad
Deshabhimani

ചൂട്‌ 40 തൊടുമോ...

Photo

വേനൽ കനത്തതോടെ വഴിയോരത്ത് കച്ചവടം ചെയ്യാനാകാതെ ഒതുക്കിയിട്ടിരിക്കുന്ന ഉന്തുവണ്ടി. പകൽ ആളുകൾ പുറത്തിറങ്ങാതായതിനെ തുടർന്ന് വഴിയോരക്കച്ചവടക്കാരും ദുരിതത്തിലാണ്

avatar
സ്വന്തം ലേഖിക

Published on Apr 27, 2026, 12:05 AM | 1 min read

പത്തനംതിട്ട

വേനൽമഴ ശക്തി പ്രാപിക്കാതെ പോയതോടെ ജില്ലയിൽ പകൽ താപനില പതിവുപോലെ തുടരുന്നു. ഞായറാഴ്ച സംസ്ഥാനത്ത്‌ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയ അഞ്ച്‌ സ്ഥലങ്ങളിൽ രണ്ടാമതും നാലാമതും ജില്ലയിലെ പ്രദേശങ്ങളാണ്‌.

നിലവിൽ പാലക്കാട്‌ ജില്ലയ്ക്ക്‌ സമാനമായ സ്ഥിതിയാണ്‌ പത്തനംതിട്ടയ്ക്കും. ഞായറാഴ്ച പത്തനംതിട്ടയിൽ 39.2 ഡിഗ്രി സെൽഷ്യസും കോന്നിയിൽ 38.3 ഡിഗ്രി സെൽഷ്യസുമാണ്‌ രേഖപ്പെടുത്തിയത്‌.

സംസ്ഥാനത്ത്‌ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത്‌ പാലക്കാട്‌ കൊല്ലങ്കോടാണ്‌– 39.7 ഡിഗ്രി സെൽഷ്യസ്‌. തൊട്ടുപിന്നിലാണ്‌ പത്തനംതിട്ട. ജില്ലയിൽ അൾട്രാവയലറ്റ്‌ സൂചികയും ഓറഞ്ച്‌ അലർട്ടിലാണ്‌. 2026ൽ സംസ്ഥാനത്ത്‌ ഏറ്റവുമധികം മഴ ലഭിച്ച ജില്ല കൂടിയാണ്‌ പത്തനംതിട്ട. എന്നാൽ അതുകൊണ്ടൊന്നും ചൂടിൽ കുറവുണ്ടായില്ലെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

ബുധനും വ്യാഴവും മഞ്ഞ അലർട്ട്‌

ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ മഴയ്ക്ക്‌ സാധ്യത പ്രവചിച്ചിരിക്കുകയാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഇ‍ൗ രണ്ട്‌ ദിവസങ്ങളിലും ജില്ലയിൽ മഞ്ഞ അലർട്ടാണ്‌. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലായി രൂപപ്പെട്ട ആന്റി സൈക്ലോണും ഇതോടൊപ്പം കർണാടകയുടെ മുകളിൽ നീളുന്ന ന്യൂനമർദ പാത്തിയുമാകും മഴയ്ക്ക്‌ കാരണമാകുക. ഏപ്രിൽ അവസാനത്തോടെ മഴയെത്തുമെന്ന്‌ നേരത്തെ പ്രവചനമുണ്ടായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home