വോട്ടിടാൻ ഒരുങ്ങി

പത്തനംതിട്ട
തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെടുപ്പിന് മൂന്നുനാൾ മാത്രം ശേഷിക്കെ പൂർണസജ്ജമായി ജില്ല. 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 3549 സ്ഥാനാർഥികളാണ് ജില്ലയിൽ ജനവിധി തേടുന്നത്. ഇതിൽ 1640 പുരുഷൻമാരും 1909 സ്‌ത്രീകളുമുണ്ട്.
66 തദ്ദേശസ്ഥാപനങ്ങൾക്കുമായി 1225 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ വയ്ക്കുന്ന നടപടികൾ ഇതിനകം പൂർത്തിയായി.
ജില്ലയില്‍ ആകെ 4,90,838 പുരുഷൻമാരും 5,71,974 വനിതകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പടെ 10,62,815 വോട്ടര്‍മാരാണുള്ളത്.
വോട്ടിങ് മെഷീനുകൾ നേരത്തെ സജ്ജീകരിച്ച 12 സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുകയെന്ന് കലക്ടർ എസ് പ്രേംകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക.
5896 ജീവനക്കാർ
1474 പ്രിസൈഡിങ് ഓഫീസർ, 1474 ഫസ്റ്റ് പോളിങ് ഓഫീസർ, 2948 പോളിങ് ഉദ്യോഗസ്ഥർ എന്നിങ്ങനെ 5896 പേരാണ് ജില്ലയിൽ വോട്ടെടുപ്പ് നടപടികൾ എകോപിപ്പിക്കുക. തിങ്കൾ രാവിലെ എട്ടുമുതൽ അതത് വിതരണകേന്ദ്രങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം, അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്തുതുടങ്ങും.
17 പ്രശ്നബാധിത ബൂത്ത്
പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയ 17 ഇടത്ത് വെബ്‌കാസ്റ്റിങ് നടക്കും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം പഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയില്‍ ആറ് ബൂത്തിലുമാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നത്.









0 comments