വല്ലനയെ വെല്ലാനാകുമോ..

വല്ലന കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം
അനിൽ കുറിച്ചിമുട്ടം
Published on Apr 02, 2026, 12:15 AM | 1 min read
കോഴഞ്ചേരി
പന്തളം ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന വല്ലന കുടുംബാരോഗ്യകേന്ദ്രത്തിന് പത്തുവർഷംകൊണ്ടുണ്ടായ മാറ്റം ഗ്രാമീണ ജനതയുടെ ആരോഗ്യ പരിപാലന രംഗത്തെ കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നു. 1961ൽ സ്വകാര്യ കെട്ടിടത്തിൽ ഡിസ്‌പെൻസറിയായാണ് വല്ലന കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. പിന്നീടിത് പ്രാഥമിക ആരോഗ്യകേന്ദ്രമായി. 2009 ലാണ് ഇതിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയത്. പ്രവർത്തനം ആരംഭിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇവിടെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മികച്ച സൗകര്യത്തോടെ ചികിത്സ ലഭ്യമാക്കാൻ വേണ്ട സൗകര്യമൊരുക്കിയത് വീണാ ജോർജ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ ശേഷമാണെന്ന് നാട്ടുകാർ പറയുന്നു.
2.51 കോടി രൂപ ചെലവിൽ ആധുനിക സംവിധാനത്തോടു കൂടി ഇരു നിലകളിലായി 6200 ചതുരശ്രയടി വിസ്തീർണത്തിൽ ഇവിടെ നിർമിച്ച പുതിയ ഒപി കെട്ടിടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖശ്ചായ മാറ്റി. കഴിഞ്ഞ ഒക്ടോബർ 30ന് പുതിയ ഒ പി കെട്ടിടത്തിന്റെ ഉദ്‌ഘാടന വേളയിലാണ് വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്.
രജിസ്ട്രേഷൻ, മൂന്ന് ഒ പി കൗണ്ടറുകൾ, കാത്തിരിപ്പ് സ്ഥലം, പ്രാഥമിക പരിശോധന സ്ഥലം, ആധുനിക ലാബ്, ശീതികരിച്ച ഫാർമസി, നീരിക്ഷണ മുറി, കുത്തിവയ്പ്പ് മുറി, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ, കാഴ്ചപരിശോധന തുടങ്ങിയ സൗകര്യങ്ങൾ പുതിയ ഒ പി കെട്ടിടത്തിലുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വനിതകളുടെ ആരോഗ്യ പരിപാലനത്തിനായി പരിശീലകരുടെ സഹായത്തോടെ വനിതാ ജിം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഫിസിയോതെറാപ്പി സേവനവും ലഭ്യമാണ്. കുളനട, മെഴുവേലി, ആറന്മുള പഞ്ചായത്തുകളിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ ചുമതലയും വല്ലന കുടുംബാരോഗ്യ കേന്ദ്രത്തിനാണ്. ഏഴ് ജനകീയ ആരോഗ്യകേന്ദ്രങ്ങളും ഈ സ്ഥാപനത്തിനുകീഴിൽ പ്രവർത്തിക്കുന്നു. സമീപ പഞ്ചായത്തിലെ ഉൾപ്പെടെ ദിനം പ്രതി 200ലധികം രോഗികൾ ചികിത്സയ്ക്ക് ഇൗ കേന്ദ്രത്തെ ആശ്രയിക്കുന്നു.










0 comments