സർക്കാർ ഓഫീസുകളിലെ ജൈവമാലിന്യ സംസ്കരണം
ഒരു വർഷം ഒമ്പതുടൺ വളം


അശ്വതി ജയശ്രീ
Published on Aug 20, 2025, 12:05 AM | 1 min read
പത്തനംതിട്ട
ജില്ലാ ആസ്ഥാനത്തെ സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കാനുള്ള ഹരിതകർമ സേനയുടെ മാതൃകാ സംരംഭം വിജയത്തോടെ ഒന്നാം വർഷത്തിലേക്ക്. ജൈവമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ പത്തനംതിട്ട നഗരസഭ ജില്ലാ അധികൃതരുമായി ചേർന്ന് ആരംഭിച്ചതാണ് പദ്ധതി. പ്രധാനമായും ഭക്ഷണമാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് വളമാക്കുന്നതാണ് പദ്ധതി.
ഓഫീസുകളില്‍ സ്ഥാപിച്ച പ്രത്യേക ബിന്നുകളിൽ ഭക്ഷണമടക്കമുള്ള ജൈവമാലിന്യം നിക്ഷേപിക്കാം. ദിവസവും ഹരിതകര്‍മസേന ഓഫീസ് സന്ദര്‍ശിച്ച് ഇവ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഷെഡില്‍ സൂക്ഷിച്ചിട്ടുള്ള പോര്‍ട്ടബിള്‍ ബയോബിന്നില്‍ നിക്ഷേപിക്കും. ജൈവാണുക്കളാൽ സമ്പുഷ്ടീകരിച്ച ബയോക്ലീന്‍ ഇനോക്കുലം ഉപയോഗിച്ച് ജൈവമാലിന്യം സംസ്‌കരിക്കുകയും ചെയ്യും. ഓരോ ജീവനക്കാരില്‍നിന്നും പ്രതിമാസം തുച്ഛമായ 30 രൂപ യൂസര്‍ഫീയായി പിരിച്ചെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം 70 കിലോയോളം ജൈവ മാലിന്യമാണ് ശേഖരിക്കുന്നത്. ഇതുവരെ 18 ടൺ ജൈവമാലിന്യം ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുകയും അതിൽ ഒമ്പതുടൺ വളമാക്കി മാറ്റുകയും ചെയ്‌തു. സർക്കാർ ജീവനക്കാരും പൊതുജനങ്ങളും വളം വാങ്ങുന്നുണ്ട്.
ജില്ലാ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ രണ്ട് കിച്ചൻ ബയോ കമ്പോസ്‌റ്റ് ബിൻ ഉപയോഗിച്ച് ആരംഭിച്ച മാതൃകാപദ്ധതി നൽകിയ പ്രചോദനമാണ് പദ്ധതി വ്യാപിക്കാൻ കാരണം. നഗരസഭയിലെ ഹരിത സഹായ സ്ഥാപനമായ ഗ്രീൻ വില്ലേജാണ് ഉറവിട മാലിന്യ സംസ്‌കരണത്തിന് ചെലവ് കുറഞ്ഞതും ഹരിതകർമസേനയ്‌ക്ക് അധിക വരുമാനവും ഉണ്ടാക്കാനുമാകുന്ന മാതൃക മുന്നോട്ടുവച്ചത്. ഇന്ന് ഇൗ പദ്ധതി 12 ഹരിതകർമ സേനാംഗങ്ങൾക്ക് അധികവരുമാനം നൽകുന്നു.
തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കെഎസ്ഡബ്ല്യുഎംപി, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ എന്നിവരുടെ മേൽനോട്ടവും പദ്ധതിക്കുണ്ട്. കഴിഞ്ഞവർഷം സ്വാതന്ത്ര്യദിനത്തിലാണ് പദ്ധതി ആരംഭിച്ചത്.
ചിത്രം: ജൈവവളം ആദ്യ വിൽപ്പന നടത്തിയപ്പോൾ
ചിത്രം: കലക്ടറേറ്റിലെ മാലിന്യനിക്ഷേപ കേന്ദ്രം
Highlights: വിജയകിരീടം ചൂടി ഹരിതകർമസേന









0 comments