നൂലിഴയിൽ പുതുലോകം


സ്വന്തം ലേഖകൻ
Published on Sep 06, 2026, 12:40 AM | 1 min read
പാലക്കാട്
ഫാഷൻ ലോകത്ത് തരംഗമായി നൂലിഴകളിൽ തീർത്ത "വൂളൻ ത്രെഡ്' ബാഗുകളും പേഴ്സുകളും. പൂർണമായും കൈകൊണ്ട് നിർമിച്ച ബാഗുകൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, പിന്ററസ്റ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ഹാൻഡ്‌ബാഗുകൾ, സ്ലിങ് ബാഗുകൾ, മിനി പേഴ്‌സുകൾ, പൗച്ചുകൾ എന്നിവ കൂട്ടത്തിലുണ്ട്. സാധാരണ ലതർ, തുണി ബാഗുകളിൽനിന്ന് തികച്ചും വ്യത്യസ്തം. സാധാരണ വസ്ത്രങ്ങൾക്കൊപ്പവും ചെറിയ യാത്രകൾക്കും ദൈനംദിന ആവശ്യങ്ങൾക്കും അനുയോജ്യം. ബാഗുകൾ കൂടാതെ വൂളൻ നൂല് ഉപയോഗിച്ചുള്ള അലങ്കാര വസ്‌തുക്കൾ, കളിപ്പാട്ടങ്ങൾ, പാവകൾ, കീചെയിൻ, പൂക്കൾ, വാൾ ഹാങ്ങിങ്ങുകൾ, കുഷ്യൻ കവറുകൾ തുടങ്ങിയവയും വിൽപ്പനയിലുണ്ട്. ഇഷ്ടപ്പെട്ട നിറത്തിലുള്ള നൂലുകൾ തെരഞ്ഞെടുക്കാം. പ്ലാസ്റ്റിക് ബാഗുകൾപോലെ പെട്ടെന്ന് കേടാകുന്നില്ല. കഴുകി വർഷങ്ങളോളം ഉപയോഗിക്കാം. ആടിന്റെയോ മറ്റ് ജീവികളുടെയോ രോമത്തിൽ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള നൂലാണെങ്കിൽ ഉപേക്ഷിച്ചാൽ പൂർണമായും മണ്ണിൽ അലിഞ്ഞുചേരും എന്നതും പ്രത്യേകതയാണ്. സമ്മാനങ്ങൾ നൽകാനും വലിയ തോതിൽ വിറ്റുപോകുന്നു. കൈത്തൊഴിലായി നിരവധിപേർ ഇപ്പോൾ വൂളൻ ത്രെഡ് ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് വിൽപ്പന അധികവും. വൂളൻ ത്രെഡ് ബാഗുകളുടെ വലുപ്പം, ഡിസൈൻ, ഉപയോഗിക്കുന്ന നൂലിന്റെ ഗുണനിലവാരം, കൈപ്പണിയുടെ സങ്കീർണത എന്നിവ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. മിനി പേഴ്സുകൾക്കും പൗച്ചുകൾക്കും 200 രൂപ മുതലും സ്ലിങ് ബാഗുകൾക്കും ഹാൻഡ്‌ബാഗുകൾക്കും 500 രൂപ മുതലും വിലയുണ്ട്.










0 comments