ad
Deshabhimani

അപകടം പതിവായി വാളയാർ – വടക്കഞ്ചേരി ദേശീയപാത

മഴയിൽ 
മരണപാത

കണ്ണനൂർ ജങ്ഷനിൽ മേൽപാലം നിർമാണത്തിനായി പൈലിങ് പ്രവൃത്തി ആരംഭിച്ചപ്പോൾ

കണ്ണനൂർ ജങ്ഷനിൽ മേൽപാലം നിർമാണത്തിനായി പൈലിങ് പ്രവൃത്തി ആരംഭിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on May 19, 2026, 01:23 AM | 2 min read

പാലക്കാട്‌

മഴ തുടങ്ങിയതോടെ അപകടപാതയായി വാളയാർ – വടക്കഞ്ചേരി ദേശീയപാത. കനത്ത മഴയിൽ ജീവൻ കൈയിലൊതുക്കിയാണ്‌ യാത്രക്കാർ ഇതുവഴി പോകുന്നത്‌. ഒമ്പത്‌ സ്ഥലങ്ങളിലാണ്‌ മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്‌. ഇവിടെ മഴയിൽ ഒലിച്ചിറങ്ങുന്ന മണ്ണും കല്ലും ചരലുകളും അപകടം വിളിച്ചുവരുത്തുന്നു. കനത്ത മഴയിൽ കാഴ്‌ച കൃത്യമായില്ലെങ്കിൽ മണ്ണെടുത്ത കുഴികളും പേടി സ്വപ്നമാണ്‌. മാസങ്ങൾക്കുള്ളിൽ തീർക്കുമെന്ന്‌ ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയ നവീകരണമാണ്‌ രണ്ടുവർഷമായി ഇഴഞ്ഞുനീങ്ങുന്നത്‌. വേനൽക്കാലത്തുപോലും അപകടക്കെണിയായ ഇടങ്ങൾ മഴക്കാലത്തിനുമുമ്പ്‌ നവീകരിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെയാണ്‌ നിഷ്‌കരുണം തള്ളിയത്‌. കാഴ്‌ചപ്പറമ്പിൽ ലുലു ഹൈപ്പർ മാർക്കറ്റിന്‌ സമീപത്തെ നവീകരണം തീരാതലവേദനയാണ്‌. മണ്ണും മെറ്റൽച്ചീളുകളും പരന്നുകിടക്കുന്ന റോഡിൽ വാഹനങ്ങൾക്ക്‌ നിയന്ത്രണം തെറ്റാനുള്ള സാധ്യതയേറെ. കണ്ണാടി കണ്ണനൂരിൽ ഇ‍ൗയിടെയാണ്‌ പാലം നിർമാണത്തിനുള്ള കുഴിയെടുക്കാൻ ആരംഭിച്ചത്‌. ഇവിടെ വാഹനങ്ങൾ സർവീസ്‌ റോഡിലൂടെയാണ്‌ പോകുന്നത്‌. സർവീസ്‌ റോഡിലൂടെ കണ്ടെയ്‌നർ ലോറികളുൾപ്പെടെ തിങ്ങിനിരങ്ങി പോകുന്നതിനാൽ ഗതാഗതക്കുരുക്ക്‌ രൂക്ഷം. ഇരുചക്രവാഹനക്കാരും കാൽനട യാത്രക്കാരും പേടിച്ചാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. കുഴൽമന്ദത്ത്‌ ഗതാഗതക്കുരുക്ക്‌ തുടർക്കഥയാണ്‌. ആലത്തൂരിൽ മേൽപ്പാലം മുതൽ സ്വാതി ജങ്‌ഷൻവരെ റോഡിന്‌ വലതുവശം ആഴത്തിൽ കുഴിയെടുത്തിരിക്കുകയാണ്‌. കുഴിയോടുചേർന്ന്‌ കമ്പികളുമുണ്ട്‌. മഴയുള്ളപ്പോൾ ഇവിടം അപകടമുനമ്പാണ്‌. വാനൂരിൽ നിർമാണം നടക്കുന്നിടത്തുനിന്ന്‌ സർവീസ്‌ റോഡിലേക്ക്‌ മണ്ണ്‌ ഒലിച്ചുപോകുന്നതും പതിവാണ്‌. വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ്‌ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്‌. മേൽപ്പാലം 2021ലാണ്‌ തുറന്നുകൊടുത്തത്‌. ശേഷം 90ഓളം തവണ നവീകരണത്തിനായി കുത്തിപ്പൊളിച്ചു. ദേശീയപാതയിൽ ബ്ലാക്ക്‌ സ്‌പോട്ടുകളായി കണ്ടെത്തിയ പാലക്കാട്‌ ചന്ദ്രനഗറിലും ആലാമരം വൈസ്‌ പാർക്ക്‌ ജങ്ഷനിലുമാണ്‌ ഏറ്റവും ഒടുവിൽ നിർമാണം ആരംഭിച്ചത്‌. തുടക്കംമുതൽ സർവീസ്‌ റോഡിൽ ഗതാഗതക്കുരുക്കാണ്‌.

റോഡിൽ ശ്രദ്ധിക്കാം

മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്‌. റോഡിലെ വെള്ളക്കെട്ടിന്‌ മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കുന്നത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനത്തിന് കാരണമായേക്കാമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകുന്നു. മഴപെയ്യുമ്പോൾ മറ്റ് വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് തെറിക്കുന്ന ചെളിവെള്ളം വിൻഡ്‌ഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത കുറയാനും ഇടയുണ്ട്‌. അതിനാൽ ഡ്രൈവറുടെ നിയന്ത്രണത്തിന്‌ അനുസരിച്ച്‌ വാഹനം നിൽക്കണമെന്നില്ല, മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക്ക്‌ ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല.

സൂക്ഷിക്കണം

1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ വാഹനം ഓടിക്കരുത്. 2. മഴയത്ത് മരങ്ങളോ ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡരികിൽ ഹാസാർഡസ് വാണിങ്‌ ലൈറ്റ്‌ 
 ഇട്ടശേഷം പാർക്ക് ചെയ്യണം. 3. സഡൻ ബ്രേക്കിങ്‌ ഒഴിവാക്കുന്ന രീതിയിൽ വാഹനം 
 ഓടിക്കുന്നത് തെന്നിമാറുന്നത് ഒഴിവാക്കും 4. വെള്ളക്കെട്ടിലൂടെ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. 
 വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യാതെ തള്ളി മാറ്റാൻ ശ്രമിക്കണം 5. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടി ഫസ്റ്റ് 
 ഗിയറിൽ ഓടിക്കാം. ശേഷം ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പാക്കണം. 6. ട്രാഫിക് ബ്ലോക്ക് കൂടും. സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക. 7. വാഹനത്തിൽ വെള്ളം കയറിയെങ്കിൽ സ്റ്റാർട്ടാക്കരുത് 8. മാപ്പിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കരുത് 9. ടയർ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തണം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home