കർഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്: സർക്കാറിനെതിരെ വിമർശവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശേരി: കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാറിന്റെ ഉദാസീനതയെ വിമർശിച്ച് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാലവർഷക്കെടുതിയിൽ കർഷകർക്കുണ്ടായ ദുരിതത്തിൽ സർക്കാറിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ് പാംപ്ലാനി.
തകർന്ന റോഡുകൾ പുനർനിർമിക്കാനും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും സർക്കാർ പരാജയപ്പെട്ടു. ചെറുപുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ പരിഹാരമുണ്ടായിട്ടില്ല. പ്രാഥമിക നടപടിപോലുമെടുക്കാതെ കണക്കെടുപ്പ് നീണ്ടുപോകുകയാണെന്നും സമരം നടത്താതെ ജീവിക്കാനാകാത്ത സാഹചര്യമാണ് മലയോരമേഖലയിലുള്ളത്.
ഭൂമി വിൽപ്പന നടത്താൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് കൃത്യമായി കേന്ദ്ര സർക്കാരിന് മുന്നിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രത്തെ സത്യം ബോധ്യപ്പെടുത്താൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.









0 comments