അമേരിക്കയുടെ താരിഫ് നയത്തിന് വഴങ്ങരുത്; കേന്ദ്രത്തോട് സിപിഐ എം

ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ചുമത്തുന്ന അമേരിക്കയുടെ നയത്തെ ശക്തമായി അപലപിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണമെന്നും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീഷണികൾക്ക് വഴങ്ങരുതെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യാപാരത്തെ ആയുധമാക്കി ഒരു രാജ്യം ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്ക സ്വയം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ വിദേശ-സാമ്പത്തിക നയങ്ങളിലുള്ള അമേരിക്കയുടെ ഈ കടന്നുകയറ്റം പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്.
അസംസ്കൃത എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 51 ശതമാനത്തിലധികവും റഷ്യയിൽ നിന്നാണ്. ഇറാനിൽ നിന്നുള്ള ഇറക്കുമതി ഇതിനകം തന്നെ തടസപെട്ടതിനാൽ, റഷ്യയിൽ നിന്നുള്ള എണ്ണയുടെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ധന വില വർധനവിനും വിലക്കയറ്റത്തിനും കാരണമാകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയാവും.
അമേരിക്കയെ തന്ത്രപ്രധാന പങ്കാളിയായി കാണുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. ജി-20 വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ അമേരിക്ക സന്ദർശിക്കുന്ന കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഇന്ത്യയുടെ നിലപാട് ശക്തമായി അവതരിപ്പിക്കുകയും ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുകയും വേണം. രാജ്യത്തിന്റെ സാമ്പത്തിക - വിദേശകാര്യ നയങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ അനുവദിക്കരുതെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.









0 comments