മൂന്നിടത്ത് മോഷണം, 6 യുവാക്കൾ റിമാൻഡിൽ

പട്ടാമ്പി
ക്ഷേത്രങ്ങളിൽനിന്നും വീടുകളിൽനിന്നും പാത്രങ്ങളടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ച കേസിൽ 19നും 22നും ഇടയിൽ പ്രായമുള്ള ആറംഗ സംഘം അറസ്റ്റിൽ. തൃത്താല പട്ടിത്തറ ആലൂർ സ്വദേശി ആദിത്യൻ (21), തലക്കശേരി കോക്കാട് സ്വദേശി നവദത്ത് (20), വിളയൂർ കരിങ്ങനാട് സ്വദേശി വൈഷ്ണവ് (20), പട്ടിത്തറ ആലൂർ സ്വദേശി മുഹമ്മദ് ഷിബിൻ (20), ആലൂർ സ്വദേശി അശ്വിൻ (22), ആലൂർ സ്വദേശി ശ്രീഹരി (19) എന്നിവരാണ് പിടിയിലായത്. കരിങ്ങനാട് കരിപ്പമണ്ണ ക്ഷേത്രത്തിൽനിന്നും പാത്രങ്ങളും തിരുവേഗപ്പുറയിലെ വീട്ടിൽനിന്ന് അടയ്‌ക്കയും മോഷ്ടിച്ച കേസിലും വെളുത്തൂർ പർളിപ്പടിയിലെ വീട്ടിൽനിന്നും ചെമ്പ്, ഓട് തുടങ്ങിയ പാത്രങ്ങൾ മോഷ്ടിച്ച കേസിലുമായാണ് കൊപ്പം പൊലീസ് കേസെടുത്തത്. പ്രതികളെ ശനിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച വസ്തുക്കൾ തൃത്താലയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കടയുടമയ്ക്ക് തോന്നിയ സംശയമാണ് ഇവർ പിടിയിലാകാൻ കാരണം. മൂന്നുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് മറ്റു മൂന്നുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃത്താല പൊലീസിന്റെ സഹകരണത്തോടെ കൊപ്പം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറയുന്നു. ഇവർ മറ്റു കേസിൽ പ്രതിയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എസ്ഐമാരായ അനന്തകൃഷ്ണൻ, നന്ദകുമാർ, എഎസ്‍ഐ മണി, എസ്‍സിപിഒമാരായ മുരുകൻ, രതീഷ്, ശ്രീജിത്ത്, ശിവദാസൻ, സിപിഒ ഷിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments