വൈറലായി വീഡിയോ
13 ഓട്ടോയുമായി സുൽഫിയിറങ്ങി, സ്കൂൾ യാത്ര മുടങ്ങിയില്ല

പട്ടാമ്പി
മേൽപ്പാലം പണിയെത്തുടര്‍ന്ന് ബസുകളെല്ലാം വഴിമാറിപ്പോയതോടെ നാട്ടുകാരുടെ മക്കൾക്കായി സ്കൂളിലേക്ക് ഓട്ടോ സര്‍വീസ് ഒരുക്കിയ സുൽഫിക്കര്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓങ്ങല്ലൂർ ഒസൈനാർ വീട്ടിൽ സുൽഫിക്കറിന്റെ വീഡിയോയാണ് ഇതിനകം ലക്ഷങ്ങൾ കണ്ടത്. വാടാനാംകുറുശി മേൽപ്പാലം അപ്രോച്ച് റോഡ് നിർമിക്കുന്നതിന്റെ ഭാഗമായി പാലക്കാട്–-പട്ടാമ്പി റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതോടെ വാടാനാംകുറുശി ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തേക്ക് ബസുകൾ വരുന്നില്ല. വിദ്യാർഥികൾ ദുരിതത്തിലായതോടെയാണ് സുൽഫിക്കര്‍ 13 ഓട്ടോറിക്ഷ വിളിച്ച് ഇവരെ സ്കൂളിലെത്തിച്ചത്. മൂന്ന് കിലോമീറ്റർ അകലെയുള്ള ഓങ്ങല്ലൂർ സെന്ററിൽനിന്ന് സ്കൂളിലേക്ക് യാത്രയൊരുക്കാൻ ഒരാൾ 1,500 രൂപ തന്നതായും ഇതാണ് ഉപയോഗിച്ചതെന്നും സുൽഫി പറയുന്നു. ഓങ്ങല്ലൂരിലെ സ്റ്റാർ ജ്വല്ലേഴ്സ് വർക്സ് ഉടമ വിനോദാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. വീഡിയോ ചര്‍ച്ചയായതോടെ വാടാനാംകുറുശി റെയിൽവേ ഗേറ്റുവരെ സ്കൂൾ സമയത്ത് ബസുകൾ ഓടാൻ തുടങ്ങി. ആരോഗ്യപ്രശ്നങ്ങളുള്ള സുൽഫി ഭാര്യ സഫിയയുടെ താൽക്കാലിക ജോലിയിലെ വരുമാനത്തിലാണ് കഴിയുന്നത്. സുൽഫിക്കര്‍ സിപിഐ എം ഓങ്ങല്ലൂർ നോർത്ത് ബ്രാഞ്ച് അംഗവും സഫിയ ഓങ്ങല്ലൂർ തെരുവ് ബ്രാഞ്ച് അംഗവുമാണ്.









0 comments