തിരുട്ടുഗ്രാമത്തിലെത്തി സ്വർണമോഷ്‌ടാവിനെ പിടിച്ച് പൊലീസ്

നിധിൻ ഈപ്പൻ
പാലക്കാട്
ട്രെയിനിൽനിന്ന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടിയെടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന മോഷ്ടാവ് ട്രിച്ചി ഹരിഹരനെ (30) തിരുട്ടുഗ്രാമത്തിലെത്തി അതിസാഹസികമായി പിടികൂടി. പാലക്കാട് റെയിൽവേ പൊലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും നാലുദിവസം രാപകലില്ലാതെ നടത്തിയ അന്വേഷണത്തിലാണ് ഹരിഹരനെ പിടിച്ചത്. ജൂൺ 14നാണ് കേസിനാസ്പദമായ സംഭവം. കന്യാകുമാരി– ബംഗളൂരു ഐലൻഡ് എക്സ്പ്രസ് പാലക്കാട് ജങ്ഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. സെക്കൻഡ് എസി കോച്ചിൽനിന്നാണ് സ്വർണാഭരണം അടങ്ങിയ ബാഗുകൾ മോഷ്ടിച്ചത്. ആഭരണങ്ങൾ എടുത്തശേഷം ബാഗ് പ്ലാറ്റ്ഫോമിലെ മറ്റൊരു ട്രെയിനിൽ ഉപേക്ഷിച്ചാണ് ഹരിഹരന്‍ സ്ഥലം വിട്ടത്. തുടർന്ന് റോഡ് മാർഗം സേലംവഴി ട്രിച്ചിയിലെ തിരുട്ടുഗ്രാമത്തിൽ എത്തി. ഇവിടെ രാംജി നഗർ കോളനിയിൽ ഒളിവിൽ താമസിച്ചു. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് ട്രിച്ചിയിലെത്തി. പൊലീസ് എത്തിയത് മനസ്സിലാക്കി ഇയാൾ മറ്റൊരു ഗ്രാമത്തിലേക്ക് മാറി. എന്നാൽ, നാലുദിവസം ഗ്രാമത്തിലും പരിസരഗ്രാമങ്ങളിലുമായി തങ്ങിയ ആർപിഎഫ് ശനിയാഴ്‌ച രാത്രി പരിഹരനെ പിടികൂടി. ഗ്രാമക്കാർ അക്രമാസക്തമാകുമെന്നതിനാൽ അതീവ രഹസ്യമായാണ് ഇയാളെ പാലക്കാട്ട് എത്തിച്ചത്. മോഷണ മുതൽ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഞായറാഴ്ച പാലക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ റെയിൽവേ പൊലീസിൽ നിരവധി കേസുകളുണ്ട്. ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് സിഐ എ ജെ ജിപിൻ, പാലക്കാട് ആർപിഎഫ് സിഐമാരായ മിലൻ ബിഗോള, സി ഗിരീഷ്, പാലക്കാട് റെയിൽവേ പൊലീസ് എസ്‌എച്ച്‌ഒ പ്രവീൺ, ക്രൈം ഇന്റലിജൻസ് എസ്‌ഐമാരായ എ പി ദീപക്, അജിത് അശോക്, ഫിലിപ്‌സ് ജോൺ, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ്, ബൈജു, വിജീഷ് എന്നിവരാണ് പ്രതിയെ പിടിച്ചത്.









0 comments