തുണിക്കടയിലെ മാല പിടിച്ചുപറി, പ്രതി പിടിയിൽ

ഷൊർണൂർ
ചുഡുവാലത്തൂരിലെ തുണിക്കടയിലെ ജീവനക്കാരിയുടെ ഒരു പവന്റെ മാല പൊട്ടിച്ചോടിയ പ്രതി പൊലീസ് പിടിയിൽ. മണ്ണാർക്കാട് ചീനക്കപ്പാറ ദേവസ്വം തൊട്ടിയിൽ അഖിൽ ജോസഫി(26)നെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിന് വൈകിട്ട് 6.30നാണ് സംഭവം. തുണി വാങ്ങാനെന്ന വ്യാജേനയായിരുന്നു പ്രതി മെൻസ് ക്ലബ് കടയിൽ എത്തിയത്. തുടര്‍ന്ന് ജീവനക്കാരി പൈങ്കുളം പുത്തൻവീട്ടിൽ കെ വി മഞ്ജുഷയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. പ്രതി നമ്പറില്ലാത്ത സ്വന്തം ഡ്യൂക്ക് ബൈക്കിലാണ് എത്തിയത്. കടയിലെത്തി രണ്ട് വസ്ത്രം തെരഞ്ഞെടുത്തശേഷം ഇയാൾ പുറത്തിറങ്ങി ബൈക്ക് തിരിച്ചുനിർത്തി. വീണ്ടും അകത്തുകയറി വസ്ത്രം വാങ്ങി പെട്ടെന്ന് ആഭരണം പൊട്ടിച്ചോടി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി സഹായത്തോടെ പ്രതിയെ തിങ്കൾ പുലർച്ചെ കോഴിക്കോട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർസെൽ സഹായവും തേടി. പ്രതിയുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷൊർണൂർ പൊലീസ് ഇൻസ്‌പെക്ടർ വി രവികുമാർ, എസ്ഐ സേതുമാധവൻ, എഎസ്ഐമാരായ കെ അനിൽകുമാർ, രാജീവ്, സിപിഒ മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.









0 comments