യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി അറസ്‌റ്റിൽ

ഷൊർണൂർ
ട്രെയിനിൽ ഉറങ്ങുകയായിരുന്നയാളുടെ ബാഗ് മോഷ്ടിച്ച യുവാവ് പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ സൈനുലാബ്ദീനെ (39) ആണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി സി കെ ആസിഫ് എന്നയാളുടെ ബാഗും മറ്റു സാധനങ്ങളും മോഷ്ടിച്ചത്. ബുധൻ പുലർച്ചെ മംഗള എക്സ്പ്രസിൽ എസി കോച്ചിൽ കാസർകോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് മോഷണം. 1.17 ലക്ഷം വിലയുള്ള ആപ്പിൾ ഐ ഫോണും 7000 രൂപയും എടിഎം കാർഡും ബാഗിലുണ്ടായിരുന്നു. യാത്രയ്‌ക്കിടെ ഉറങ്ങിയ ആസിഫ് ഷൊർണൂരിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോഴിക്കോട് സ്റ്റേഷൻ മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിരൂരിൽനിന്ന് പ്രതി ട്രെയിനിലേക്ക് കയറുന്ന ദൃശ്യം ലഭിച്ചു. ട്രെയിനിൽ കയറുമ്പോൾ പ്രതിയുടെ കൈയിൽ ബാഗ് ഉണ്ടായിരുന്നില്ല. എന്നാൽ, പട്ടാമ്പിയിൽ ബാഗുമായാണ് ഇറങ്ങിയത്. വ്യാഴം രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്പെഷ്യൽ ഡ്രൈവിനിടെയാണ് പ്രതിയെ ബാഗുമായി പിടികൂടിയത്. ഫോണും എടിഎം കാർഡും കണ്ടെടുത്തു. എറണാകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുണ്ട്. കേൾവിശക്തിയും സംസാര ശേഷിയും ഇല്ലാത്തയാളാണ് സൈനുലാബ്ദീൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ അനിൽ മാത്യു, ശശി നാരായണൻ, വൈ മജീദ് ആർപിഎഫ് എസ്ഐ ദീപക്, എഎസ്ഐ ഷിജു, കെ ബൈജു, എ ബാബു, സത്താർ എന്നിവർ അടങ്ങുന്ന അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments