‘ഒന്നൂടെ തുടങ്ങാമിനി, വിണ്ണെത്തിപ്പിടിക്കാമിനി'

ഗവ.വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. വിജയകുമാർ അശോകൻ

സായൂജ് ചന്ദ്രൻ
Published on Mar 06, 2026, 12:56 AM | 1 min read
പാലക്കാട്
"പാവപ്പെട്ടവരുടെ ആശ്രയമാണ് പിഎസ്‌സി, കൈയിലൊന്നുമില്ലാതിരുന്ന എന്നെ കൈപിടിച്ചുയർത്തി' ഇതുപറയുമ്പോൾ വിജയകുമാറിന്റെ കണ്ണിലാകെ വിജയത്തിളക്കമാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കോട്ടയം സ്വദേശി വിജയകുമാർ അശോകൻ. അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലും പഠനക്കരുത്തിൽ പിഎസ്‌സിയിലൂടെ വിജയം നേടിയ യുവാവ്. രണ്ടാഴ്‌ചമുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. കടന്നുവന്ന കഠിനപാതകൾ, സർക്കാരിന്റെ തണൽ അങ്ങനെ പിന്നിട്ട വഴികളെക്കുറിച്ച് പറയാനേറെ. മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും ഉപേക്ഷിച്ചുപോകുന്നത്. ചുറ്റും സംഭവിക്കുന്നത് എന്താണെന്നറിയാതെ കൂരയ്‌ക്കുകീഴിൽ വിജയകുമാറടക്കം നാല് കുരുന്നുകൾ. എട്ട് വയസ്സുവരെ അച്ഛമ്മയുടെ തണലിൽ. അച്ഛമ്മയുടെ വേർപാടിൽ വിറങ്ങലിച്ചുനിന്നപ്പോൾ അച്ഛന്റെ സഹോദരി ചെങ്ങളത്തെ ബത്‌ലെഹേം ബാലഭവനിൽ ചേർത്തു. അവരുടെ പിന്തുണയിൽ പിന്നീട് പഠനമായി ഉൗർജം. പ്ലസ്‌ടു ഉയർന്ന മാർക്കോടെ വിജയിച്ചു. കവിതകളെഴുതുന്ന ശീലമുള്ളതിനാൽ ബിഎ മലയാളം തെരഞ്ഞെടുത്തു. പാലാ സെന്റ് തോമസ് കോളേജിൽ രണ്ടാം റാങ്കോടെ ബിരുദം. അനാഥ മന്ദിരത്തിലെ നീണ്ട കാലത്തിന് വിരാമം വീഴുന്നത് 20–ാം വയസ്സിലാണ്. പിന്നീടുള്ള ജീവിതം കോളേജ് ഹോസ്റ്റലുകളിൽ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പിജി പഠനം മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് കരുത്തായി. അതേ വർഷത്തിൽ നെറ്റും ജെആർഎഫും. കേരള സർവകലാശാലയിൽ ഒന്നാം റാങ്കോടെ എംഫിൽ. ഡോ. സി ആർ പ്രസാദിന്റെ മാർഗ നിർദേശത്തിൽ ഗവേഷണം. പിഎസ്‌സിയിലൂടെ വൈകാതെ ജോലിയും. സങ്കടങ്ങളിൽ സ്വയം തളച്ചിടാതെ മുന്നോട്ടുപോയാൽ വിജയം സുനിശ്ചിതമാണെന്ന് വിജയകുമാർ പറയുന്നു.










0 comments