ad
Deshabhimani

റഷ്യയെ കൈയിലെടുത്ത പാലക്കാട്ടുകാരി

റഷ്യയിലെ സ്റ്റാവ്രോപോളിൽനടന്ന യൂത്ത് എക്സ്ചേഞ്ച് 
പ്രോഗ്രാമിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഹന്ന ജോൺ

റഷ്യയിലെ സ്റ്റാവ്രോപോളിൽനടന്ന യൂത്ത് എക്സ്ചേഞ്ച് 
പ്രോഗ്രാമിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഹന്ന ജോൺ

avatar
സ്വാതി സുജാത

Published on Jun 22, 2026, 01:15 AM | 1 min read

പാലക്കാട്‌

"അവിടെ ഇൻസ്റ്റഗ്രാമും വാട്സാപ്പുമില്ല, അവർക്ക് ഇംഗ്ലീഷും അറിയില്ല. ഒരു ട്രാൻസ്‌ലേറ്റർ ആപ്പിലൂടെയാണ്‌ ഞങ്ങളവിടെ വിശേഷങ്ങൾ പങ്കുവച്ചതും സൗഹൃദത്തിലായതും. ഇന്ത്യയിലെ സ്ഥലങ്ങളും സംസ്കാരവും അറിയാനാണ്‌ അവർക്ക്‌ ഏറെ താൽപ്പര്യം' റഷ്യൻ മണ്ണിലെ തന്റെ അപൂർവാനുഭവങ്ങളെക്കുറിച്ച് പാലക്കാട് വടക്കഞ്ചേരി കോരഞ്ചിറ സ്വദേശിനി ഹന്ന ജോൺ പറയുമ്പോൾ അതിൽ കൗതുകം മാത്രമല്ല, ഒരു പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ വലിയൊരു വിജയകഥ കൂടിയുണ്ട്. എൻസിസി "ബെസ്റ്റ് കേഡറ്റ്' ലിസ്റ്റിൽനിന്ന് പുറത്തായിടത്തുനിന്ന്, റഷ്യൻ മണ്ണിൽ ത്രിവർണ പതാകയുമേന്തി മോഹിനിയാട്ടച്ചുവടുകൾ വെച്ച ഹന്ന രാജ്യാന്തര തലത്തിൽ കൈയടി നേടി. ​തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ഹന്ന, റിപ്പബ്ലിക് ഡേ ക്യാമ്പ് ലക്ഷ്യമിട്ടാണ്‌ പ്രയാണം തുടങ്ങിയത്. കടുത്ത മത്സരത്തിനൊടുവിൽ ഹന്ന പുറത്തായി. പക്ഷേ, വീണിടത്തുനിന്ന് പുതിയ വഴികൾ വെട്ടിത്തുറക്കാനായിരുന്നു ഹന്നയുടെ തീരുമാനം. പ്രീ- ആർഡിസി ലിസ്റ്റിൽ ഉൾപ്പെട്ട ഹന്ന "ഫ്ലാഗ് ഏരിയ' ഇനത്തിൽ രംഗോലി ചിത്രം വരച്ച്‌ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിച്ച്‌ റിപ്പബ്ലിക് ഡേ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കെടുത്ത ചടങ്ങിൽ അവതാരികയായി. "ആനുവൽ ഹോഴ്സ് ഷോ'യിൽ കമന്ററി പറയാനും അവസരം ലഭിച്ചു. ​ഇവിടെയും തീർന്നില്ല, "യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ' (വൈഇപി) ഭാഗമായി ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ ഒരാളായി ഹന്ന മാറി. റഷ്യയിലെ സ്റ്റാവ്രോപോൾ നഗരത്തിൽ നടന്ന, റഷ്യ, ഇന്ത്യ, ബെലാറൂസ് രാജ്യങ്ങൾ പങ്കെടുത്ത "ഫോർത്ത് കേഡറ്റ് ഫ്രണ്ട്ഷിപ് ഫെസ്റ്റിവലിൽ' കേരളത്തിന്റെ പ്രതിനിധിയായി ഹന്ന പങ്കെടുത്തു. സി ജെ സെൽവന്റെയും കെ എ അൽഫോൻസയുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home