ഫിറ്റ്‌നസ് ഇല്ലാതെ സ്‌കൂൾ വാഹനങ്ങൾ
കുരുന്നുകളാണ്, ഉറപ്പാക്കണം സുരക്ഷ


സ്വന്തം ലേഖകൻ
Published on Jun 07, 2026, 12:27 AM | 1 min read
പാലക്കാട്
സ്‌കൂൾ തുറന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും ഫിറ്റ്‌നസ് ഇല്ലാതെ ഓടുന്നത് നൂറിലേറെ സ്‌കൂൾ വാഹനങ്ങൾ. ജില്ലയിൽ അറുന്നൂറോളം സ്‌കൂൾ വാഹനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ അഞ്ഞൂറിൽത്താഴെ മാത്രമാണ് ഇതുവരെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയത്. ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് ഹാജരാക്കാത്ത വാഹനങ്ങൾ കണ്ടെത്താനോ അവയ്‌ക്കെതിരെ കാര്യമായ നടപടിയെടുക്കാനോ മോട്ടോർ വാഹന വകുപ്പ് തയ്യാറായിട്ടില്ല. സെപ്‌തംബറിൽ ഫിറ്റ്‌നസ് എടുക്കേണ്ട ഏതാനും വാഹനങ്ങൾ ഒഴിച്ചുള്ളവയുടെ പരിശോധന സ്‌കൂൾ തുറക്കുന്നതിനുമുമ്പേ പൂർത്തിയാക്കി സ്‌റ്റിക്കർ പതിക്കണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫിറ്റ്‌നസില്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്ത് ഭരണം മാറിയതോടെ സ്വാധീനം ഉപയോഗിച്ച് പല വാഹനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുകയാണ്. സുരക്ഷിതമല്ലെന്ന് കണ്ടെത്തി ഏതെങ്കിലും വാഹനം മോട്ടോർ വാഹന വകുപ്പോ പൊലീസോ കസ്‌റ്റഡിയിൽ എടുത്താൽ തന്നെ യുഡിഎഫ് നേതാക്കന്മാരുടെ വിളിയെത്തുകയും വാഹനം വിട്ടുകൊടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല സ്‌കൂളുകാരും ഇത്തരം പരിശോധനകളുടെ കാര്യം അറിഞ്ഞ ഭാവം പോലും നടിക്കാതെയാണ് വണ്ടികളിൽ കുട്ടികളെ കൊണ്ടുപോകുന്നത്. ഭരണത്തിന്റെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ട് വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച പരിശോധന നടക്കുന്നുണ്ടെന്നും ഫിറ്റ്‌നസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആർടിഒ സി യു മുജീബ് പറഞ്ഞു.










0 comments