ad
Deshabhimani

ഇനി വേണ്ട ആശങ്കകൾ

കണ്ണമ്പ്രയിൽ ഉയരും
ആധുനിക റൈസ് മിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Mar 14, 2026, 12:06 AM | 1 min read

വടക്കഞ്ചേരി

ജില്ലയിലെ നെൽകർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡേൺ റൈസ് മിൽ ഉടൻ യാഥാർഥ്യമാകും. ശനി വൈകിട്ട്‌ നാലിന് കണ്ണമ്പ്ര മാങ്ങോട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ഓൺലൈനായി നിർമാണം ഉദ്ഘാടനം ചെയ്യും. പി പി സുമോദ് എംഎൽഎ അധ്യക്ഷനാകും. മുൻ മന്ത്രി എ കെ ബാലൻ, റൈസ് പാർക്ക് ചെയർമാൻ സി കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ടി എം ശശി തുടങ്ങിയവർ പങ്കെടുക്കും. സഹകരണ മേഖലയിൽ ഒരുങ്ങുന്ന റൈസ് മില്ലിന് സർക്കാർ 71.81 കോടി രൂപയാണ് അനുവദിച്ചത്. മോഡേൺ റൈസ് മിൽ സമീപ ജില്ലകളിലെ കർഷകർക്കും സഹായകമാകും. നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ 25 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ചേർന്ന് പാഡി പ്രൊക്യുമെന്റ്‌ പ്രൊസസിങ് ആൻഡ്‌ മാർക്കറ്റിങ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാപ്പ്കോസ്) രൂപീകരിച്ചത്. സഹകരണ സംഘങ്ങൾ ചേർന്ന് 13.70 കോടി രൂപ ഓഹരിയായി സമാഹരിച്ചു. മാങ്ങോട്ടിൽ 26.66 ഏക്കർ സ്ഥലം വാങ്ങി. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്‌മെന്റ്‌ ഫണ്ട് (ആർഐഡിഎഫ്) പദ്ധതി പ്രകാരമാണ് 71.81 കോടി രൂപ അനുവദിച്ചത്. ആകെ 77.96 കോടി രൂപയാണ് നിർമാണച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കർഷകരിൽനിന്ന്‌ നേരിട്ട് നെല്ല് സംഭരിച്ച് അരിയാക്കി വിപണിയിലെത്തിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ​ആശ്വാസം അരികെ​ ജില്ലയിലെ കാർഷിക മേഖലയ്ക്കും കർഷകർക്കും പുത്തൻ ഉണർവാകും പാപ്കോസിന്റെ മോഡേൺ റൈസ് മിൽ. 20 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കർഷകരിൽനിന്ന്‌ നെല്ല് ശാസ്ത്രീയമായി സംഭരിച്ച്‌, സംസ്‌കരിച്ച് അരിയും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കി വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നത്. പൂർണമായി ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന മില്ലിൽ പ്രതിദിനം 128 മെട്രിക് ടൺ നെല്ല് അരിയാക്കാനാകും. 2500 മെട്രിക് ടൺ സംഭരണശേഷിയുള്ള ആറ് സൈലോകൾ ഉൾപ്പെടെ 15,000 മെട്രിക് ടൺ സംഭരണശേഷിയുണ്ടാകും. കൂടാതെ സംഭരണശാലയും പദ്ധതിയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home